Saturday, March 14, 2020


• ലേഖനം

ദളിത് വംശഹത്യയുടെ 
കമ്യൂണിസ്റ്റു പാഠങ്ങള്‍

• കെ.വി. രാജശേഖരന്‍

| ബംഗാളിലെ മരിചഝാപിയില്‍ കമ്യൂണിസ്റ്റു മാടമ്പി ജ്യോതിബസുവിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ ദളിത് വംശഹത്യയുടെ ചരിത്രം |

ജ്യോതി ബസുവിന്റെ കമ്യൂണിസ്റ്റു ഭരണകൂടം സുന്ദർബന്നിലെ മരിചഝാപ്പിയിൽ  മരണത്തിനെറിഞ്ഞു കൊടുത്ത കിഴക്കൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ദളിത ഹിന്ദു അഭയാർത്ഥികൾ 4200 കുടുംബങ്ങളിൽ പെട്ട പതിനായിരം ആളുകൾ വരെയാകാം എന്നാണ് റോസ് മല്ലിക് എന്ന അന്വേഷകന്റെ കണ്ടെത്തൽ. കൃത്യമായ കണക്കുകളുടെയും രേഖകളുടെയും അഭാവത്തിൽ ലഭ്യമായ സൂചനകളെ കണക്കിലെടുത്തുകൊണ്ടാണ്  അത്രയും വരെയാകാമെന്നു പറയുന്നതെന്നതു പരിഗണിച്ചാലും ആ സംഖ്യയിൽ കാര്യമായ വ്യത്യാസം വരുവാനിടയില്ല.

ഭാരതവിഭജനത്തിനുശേഷം കിഴക്കൻ പാക്കിസ്ഥാനിൽ നിന്നും ഇസ്ലാമിക വർഗീയവാദികൾ കൊന്നില്ലാതാക്കുവാൻ വേട്ടയ്ക്കിരയാക്കിയവരിൽ  ബാക്കിയായി ഭാരതത്തിലെത്തിയ ഹിന്ദു അഭയാർത്ഥികളോട് ജ്യോതിബസു ഭരണകൂടം നടത്തിയ ഉന്മൂലനത്തിന്റെ കൊടും ക്രൂരതയുടെ ചരിത്രമാണ് മാരിചഝാപ്പിയ്ക്കു പറയുവാനുള്ളത്.   ഇസ്ളാമികവർഗീയവാദികൾ കിഴക്കൻ പാക്കിസ്ഥാനിലെ ഹൈന്ദവസമൂഹത്തെ വേട്ടയാടിത്തുടങ്ങി.  ബാക്കിയായവരുടെമേൽ കമ്യൂണിസ്റ്റു ജ്യോതിബസുവിന്റെ ഭരണകൂടം വേട്ട തുടർന്നു. ഇന്ന് ഭാരതം കാണുന്ന ഹിന്ദുവിരുദ്ധവർഗീയതയുടെ ഇടതു-ജിഹാദി കൂട്ടുകെട്ടിന്റെ വേരുകളുടേ പഴക്കം സൂചിപ്പിക്കുന്ന ഇന്നലെകളിലെ അനുഭവങ്ങളിലേക്കാണവിടെ വെളിച്ചം വീശുന്നത്.

ആ കൂട്ടക്കോലയുടെയും കൊടും ക്രൂരതകളുടെയും ചാരം മൂടി ഒളിപ്പിച്ച ചരിത്ര വസ്തുതകൾ സത്യസന്ധമായി പൊതുസമൂഹത്തിലെത്തിച്ചാൽ സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് വഴിയൊരുക്കിയത് 1977ൽ  പശ്ചിമ ബംഗാളിലെ അധികാരത്തിലേറിയ ജ്യോതിബസുവിന്റെ ഇടതു പക്ഷ സർക്കാരാണെന്നതു വ്യക്തമാകും 1984ൽ  ഇന്ദിരാഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധിയുടെ ഭരണകൂടം മൂകസാക്ഷിയായി നിന്നുകൊണ്ട്  കോൺഗ്രസ്സിന്റെ രാഷ്ട്രീയ നേതൃത്വം വഴി നടപ്പിലാക്കിയ സിഖ് കൂട്ടക്കൊല ജ്യോതിബസുവിന്റെ ഭരണകൂടം പ്രയോഗത്തിൽ വരുത്തിയ നരനായാട്ടിനു പിന്നിലേ വരൂ. 2002ൽ ഗോദ്രയിൽ അയോദ്ധ്യാസന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന  രാമഭക്തന്മാരെ തീവണ്ടി ബോഗികളിലിട്ട് കത്തിച്ചില്ലാതാക്കിയ പ്രവർത്തിയിൽ  പ്രകോപിതരായ ഗുജറാത്തിലെ ഹിന്ദുക്കളും ആക്രമണകാരികളുടെ മതവിശ്വാസികളുമായി ഏറ്റു മുട്ടിയപ്പോൾ രണ്ടു വിഭാഗത്തിൽ പെട്ടവർക്കുമുണ്ടായ ജീവഹാനിയുടെ കണക്കെടുത്താലും മരിചഝാപിയിൽ  ജ്യോതിബസുവിന്റെ പോലീസ് കൊന്ന് കാലപുരിക്കയച്ചവരുടെ അത്രയും സംഖ്യ വരില്ല. അതങ്ങിനെ വന്നില്ലെങ്കിലേ അതിശയിക്കേണ്ടിയുള്ളു.  കാരണം ലെനിന്റെയും  സ്റ്റാലിന്റെയും മാവോ സേതൂങ്ങിന്റെയും പോൾ പോട്ടിന്റെയും വഴി തിരഞ്ഞെടുത്ത, ഭാരതത്തിലെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പ്രയോഗരീതിയുടെ പ്രമുഖ പ്രയോക്താവ്, ജ്യോതിബസുവിന് അധികാരം കിട്ടിയാൽ ഉണ്ടാകേണ്ടിയിരുന്ന സ്വാഭാവിക ചരിത്ര ഗതിയാണ് ബംഗാൾ നേരിൽ കണ്ടതും അനുഭവിച്ചതും. (ഇവിടെ ഭാരതം പ്രകാശ് കാരാട്ടിന് നന്ദി പറയണം,  പ്രധാനമന്ത്രിപദം ജ്യോതിബസുവിലേക്കെത്തുന്നതിന് ഒരുങ്ങിയ കുറുക്കു വഴിയിൽ കുഴി കുഴിച്ചതിന്. ജ്യോതിബസു ആ കുഴി കണ്ടു പറഞ്ഞത് ചരിത്രപരമായ 'അബദ്ധമെന്നാണ്'. യഥാർത്ഥത്തിൽ അത് ബംഗാളിൽ ദുരന്തം വിതച്ച കമ്യൂണിസ്റ്റു ഭരണത്തിന് ഭാരതത്തെ വലയം ചെയ്യുവാനുള്ള വഴി അടക്കുകയാണു ചെയ്തത്.  ഒരിടത്തു തീപിടിച്ചാൽ അത് പടരാതിരിക്കാൻ വേണ്ടതു ചെയ്യുന്നതും പ്രധാനമല്ലേ? )

അധികാരത്തിലേറിയാൽ ഭരണകൂട ശക്തി ഉപയോഗിച്ച് അടിയാള ജനതയുടെയും അദ്ധ്വാനവർഗത്തിന്റെയും വായടപ്പിക്കുക.  ചൃഷണത്തിന്റെ കമ്യൂണിസ്റ്റു മുഖം കണ്ട് പൊറുതിമുട്ടി കണ്ടതും കേട്ടതും അറിഞ്ഞതും വെളിപ്പെടുത്തുവാൻ നോക്കുന്ന മാധ്യമപ്രവർത്തകരെയും ചരിത്രകാരന്മാരെയും ബുദ്ധിജീവികളെയും വിലക്കെടുക്കുക. അതിനു കഴിഞ്ഞില്ലെങ്കിൽ അടിച്ചൊതുക്കുകയോ കൊന്നോടുക്കുകയോ ആകാം!

പക്ഷേ തങ്ങൾക്കു മുഖം തിരിഞ്ഞു നിൽക്കുന്ന, തങ്ങൾക്കൊപ്പം നിൽക്കേണ്ടവരോട്, അടി കൊണ്ടവരും ആട്ടിയോടിക്കപ്പെട്ടവരും ഹൃദയം പൊട്ടി ചില ചോദ്യങ്ങൾ ചോദിക്കും. അങ്ങനെ ഒരു ചോദ്യമാണ് മരിചഝാപി  കൂട്ടക്കുരുതിയുടെ ചരിത്രം മൂടി വെച്ച മുഖ്യധാരാ മാധ്യമങ്ങളോടും ബുദ്ധിജീവികളോടും അടിയാളജനതയിൽ ജീവനോടെ ബാക്കിയായവരുടെ പ്രതിനിധി മനോരഞ്ചൻ ബ്യാപാരി ചോദിച്ചത്: 'എവിടെയായിരുന്നു ഇവർ,  പോലീസ് തോക്കിന്റെ പാത്തികൊണ്ട് എന്റെ അച്ഛന്റെ നെഞ്ചെല്ലുകൾ തകർത്തപ്പോൾ? എന്റെ അച്ഛൻ ആരുടെയും നേതാവായിരുന്നില്ല!  സത്യസന്ധമായി ജീവിതം തേടിയ സത്യസന്ധനായ ഒരു മനുഷ്യൻ!  മരിചഝാപിയിലേറ്റ മുറിവുകളിൽ നിന്ന് അദ്ദേഹം ഒരിക്കലും രക്ഷപെട്ടില്ല.  തകർന്നടിഞ്ഞ നെഞ്ച് ആ ജീവിതം  എടുക്കുകയും ചെയ്തു.' (അവലംബം: ബ്ലഡ് അയലൻറ്, ദീപ് ഹൽദാർ).

ബ്യാപാരി വീണ്ടും ചോദിക്കുന്നു: 'നിങ്ങൾക്കറിയുമോ സുന്ദർബൻ വനങ്ങളിലെ കടുവകൾ എങ്ങനെയാണ് മനുഷ്യരെ തിന്നുന്നവയായി മാറിയതെന്ന്?  ചില മനുഷ്യ ശരീരങ്ങൾ ഭാരത്തോട് കൂട്ടിക്കെട്ടി നദിയിൽ മുക്കി. ബാക്കി ഉൾക്കാടുകളിലേക്ക് വലിച്ചെറിഞ്ഞു.  അങ്ങനെ മരിചഝാപിയിൽ മരിച്ചു വീണവരുടെ ശവശരീരങ്ങൾ കടുവകളെ മനുഷ്യ ശരീരത്തിന്റെ രുചി പരിചയപ്പെടുത്തി. മരിചഝാപി കൂട്ടക്കൊല  ആ കടുവകളെ, മനുഷ്യരെ തിന്നുന്നവയാക്കി മാറ്റി.  ജ്യോതിബസുവിനെ   *ന്നിയുടെ പുത്രനും.' (അവലംബം: ബ്ലഡ് അയലൻറ്, ദീപ് ഹൽദാർ).

മനോരഞ്ചൻ ബ്യാപാരിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ തലകുനിക്കുവാൻ ഇടവരുത്തിയ മാധ്യമലോകത്തിനുള്ളിലും ചെറുത്തു നിൽപ്പുണ്ടായിയെന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.  ആസൂത്രിതമായി സത്യം കുഴിച്ചു മൂടപ്പെട്ടപ്പോളാണ് ഭരണകൂട വിലക്കുകളെ അതിജീവിച്ച് 1979 മേയ് 21ന് 'ആനന്ദ് ബസാർ പത്രിക' എന്ന പ്രമുഖ ബംഗ്ലാ ദിനപ്പത്രം ഫൊണി ബാലാ മണ്ഡൽ എന്ന ഇരയാക്കപ്പെട്ട വനിതയെ കുറിച്ചുള്ള വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചുകൊണ്ട് വേറിട്ടു നിന്ന് ഭാവിയിൽ ചരിത്രം അന്വേഷിക്കുന്നവർക്ക് സൂചനകൾ രേഖപ്പെടുത്തിയത്.   ആ വാർത്ത തയാറാക്കിയ സുഖോരഞ്ചൻ സെൻഗുപ്ത അതോടൊപ്പം നൽകിയ ചിത്രം എടുത്തതിന്റെ അനുഭവം വായിച്ചറിഞ്ഞാൽ ബംഗ്ളാദേശിൽ നിന്ന് ഭാരതത്തിലേക്ക് അഭയം തേടിയ ഹിന്ദു അടിയാള വർഗത്തിന്റെ ഹൃദയം നുറുങ്ങുന്ന ചരിത്രം വ്യക്തമാകും.

'മുതിർന്ന അഭയാർത്ഥികൾ അഗ്നിക്കയാക്കപ്പെട്ടവരെ നേരിട്ടു കാണുവാൻ ഞങ്ങളെ കൊണ്ടുപോയി.  തപൻ അവരുടെ ചിത്രങ്ങളെടുത്തു.   അപ്പോളൊരു കുട്ടി, മുലകൾ തീയിൽ വെന്ത ഒരു പ്രായമായ അമ്മ അവിടെയുണ്ടെന്ന്  പറഞ്ഞു. ആ അമ്മയുടെ ചിത്രം ഞങ്ങൾ എങ്ങനെ എടുക്കുമെന്ന് ചോദിച്ചു. ഞങ്ങൾ ആ അമ്മ കിടന്നിരുന്ന ടിൻ ഷെഡ്ഢിലേക്കു കയറി. അവർ ഒരു കട്ടിലിൽ കിടന്ന് വേദന കൊണ്ട് പുളയുകയായിരുന്നു. അവരുടെ തീപ്പൊള്ളലേറ്റ മുലകളുടെ മുകളിൽ ഈച്ചകൾ വട്ടമിട്ടു പുറക്കുകയായിരുന്നു.  അവർ കിടന്ന കട്ടിൽ ഞങ്ങൾ എടുത്തു പുറത്തു കൊണ്ടുവന്നു. പക്ഷേ ഞങ്ങളുടെ മുന്നിൽ അവരുടെ നഗ്നനെഞ്ചിടം തുറന്നു കാട്ടുവാൻ ആ അറുപത്തിയഞ്ചുകാരി അമ്മയ്ക്കു മടിയായിരുന്നു. ഞാൻ അവരുടെ പാദങ്ങളൊടു ചേർന്നിരുന്നു കൊണ്ടു പറഞ്ഞു: 'അമ്മ അമ്മയുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുത്തത് ഉടുപ്പ് മാറ്റിയല്ലേ? ഞാനും അമ്മയുടെ മകനേ പോലെയാണ്. എന്റെ മുമ്പിൽ അമ്മ എന്തിനു നാണിക്കണം?' അവർ കണ്ണുകൾ തുറന്ന് എന്നെ നോക്കി, വിറയ്ക്കുന്ന വിരലുകൾ കൊണ്ട് എന്റെ മുഖത്തു തൊട്ടു.  ഞാൻ മെല്ലെ ആ അമ്മയുടെ മുലകളിൽ നിന്നും സാരി മാറ്റി. രണ്ടു മുലകൾക്കും  ശരിക്കും തീപ്പൊള്ളലേറ്റിരുന്നു.  തപൻ അവന്റെ കണ്ണുനീർ തുടച്ചുകൊണ്ട് പ്രഭാത  സൂര്യന്റെ വെളിച്ചത്തിൽ ആ ചിത്രങ്ങളെടുത്തു.' (അവലംബം:  ബ്ലഡ് അയലൻറ്, ദീപ് ഹൽദാർ).  അദ്ധ്വാനിക്കുന്ന അടിയാള ജനവിഭാഗങ്ങൾക്കും വിശേഷിച്ചും സ്ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് വിളിച്ചു കൂകുന്നവരുടെ കാപട്യം അവിടെ വെളിപ്പെടുകയാണ് ചെയ്യുന്നത്!

ജവഹർലാൽ നെഹ്രുവിന്റെ ഭരണകൂടം കിഴക്കൻപാക്കിസ്ഥാനിൽ നിന്നെത്തിയവരുടെ മാനുഷിക പ്രശ്നങ്ങളെ സമീപിച്ചത് പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികളെ പുനരധിവസിപ്പിച്ചതിന്റെ രീതിയിലായിരുന്നില്ലായെന്നതും ഇവിടെ ശ്രദ്ധേയമാണ്. പടിഞ്ഞാറൻ പഞ്ചാബിൽ  നിന്നുൾപ്പടെ ഓടിയെത്തിയവരെ താരതമ്യേനെ കൂടുതൽ കരുതലോടെ കൈകാര്യം ചെയ്യുവാൻ നെഹ്രുഭരണകൂടം പൊതുസമൂഹത്താൽ സമ്മർദ്ദത്തിലാക്കപ്പെട്ടൂയെന്ന് പറയുന്നതാകും ഒരു പക്ഷേ കൂടുതൽ ശരി.   1949-50 കാലത്തോടെ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളുടെ പ്രവാഹം പ്രായോഗികമായി നിലയ്ക്കുകയും ചെയ്തു.  കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളുടെ പ്രവാഹം ഒഴിവാക്കൂന്നതിനാണ് 1950ൽ നെഹ്രുവും ലിയാഖത്ത് അലിഖാനും ചേർന്നൊപ്പുവെച്ച ഡൽഹിക്കരാറിനെ ഫലപ്രദമായി ഉപയോഗിച്ചത്. ആ കരാറിന്റെ പരിരക്ഷ പാക്കിസ്ഥാനില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷ നൽകി പാവപ്പെട്ട അവശിഷ്ട ഹിന്ദു സമൂഹത്തെ കിഴക്കൻ ബംഗാളിലെ ചെന്നായ്ക്കൾക്ക് വിട്ടുകൊടുത്തവരുടെ കൊടും ചതി വൈകാതെ പുറത്തായി. അവിടെ കടന്നാക്രമണങ്ങളും ബലാല്‍സംഗങ്ങളും മതപരിവർത്തനശ്രമങ്ങളും കൊള്ളയും കൊള്ളിവെപ്പും കൊണ്ടു പൊറുതിമുട്ടിയ ലക്ഷക്കണക്കിന് ഹിന്ദുക്കൾ ഭാരതത്തിലേക്ക് ഓടിക്കയറിവരുവാൻ നിർബന്ധിതരാക്കപ്പെടുകയും ചെയ്തു..

ഓടിയെത്തിയ അഭയാർത്ഥികളിൽ 'ഭദ്രലോകും'' (ഉന്നതകുലജാതർ) 'ഛോട്ടേലോഗും' (അടിയാളവിഭാഗം) ഉണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെയും ബംഗാൾ മുഖ്യമന്ത്രി ഡോ ബിധാൻ ചന്ദ്ര റോയിയുടെയും കോൺഗ്രസ്സ് ഭരണകൂടങ്ങൾ രണ്ടു കൂട്ടരെയും രണ്ടായിത്തന്നെ കൈകാര്യം ചെയ്തു. ജാതിയുടെ ശ്രേണിയിൽ ഉന്നതർക്ക് പടിഞ്ഞാറേ ബംഗാളിൽ തന്നെ പുതുജീവിതത്തിനു വഴി ഒരുക്കി. ശേഷിച്ച അടിയാളവിഭാഗത്തെ ബംഗാളിന് പുറത്ത് ദണ്ഡകാരണ്യത്തിലേക്കും മറ്റും ആട്ടിയോടിച്ചു. ആ അടിയാള വിഭാഗമാണ് ബംഗാളിലെ നാമശൂദ്രരെന്നതിവിടെ പ്രത്യേകമോർക്കണം. ആ നാമശൂദ്ര ബംഗാളികളുടെ ശക്തമായ ഇടപെടലാണ് 1946ൽ മഹാരാഷ്ട്രയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഭാരതത്തിന്റെ കോൺസ്റ്റിറ്റ്വന്റ് അസംബ്ളിയിലെത്തുന്നതിനുള്ള അവസരം കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടില്ലാതാക്കിയപ്പോൾ ഡോ ഭീംറാവ് അംബേദ്കറെ കൽക്കട്ടയിൽ നിന്ന് വിജയിപ്പിച്ചതെന്നത് ശ്രദ്ധാപൂർവ്വം ഓർത്തെടുക്കേണ്ടിയുണ്ട്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടതാണ് അദ്ദേഹത്തിന് കോൺസ്റ്റിറ്റ്വന്റ് അസംബ്ളിയിലെത്തുവാനും ഭരണഘടനാ നിര്‍മാണ സമിതിയുടെ അദ്ധ്യക്ഷനാകുന്നതിനും ഇടവരുത്തിയെന്നതും കണക്കിലെടുക്കുമ്പോളാണ് നാമശൂദ്ര വിഭാഗത്തിന്റെ ശക്തമായ സാന്നിദ്ധ്യം  ബംഗാൾ രാഷ്ട്രീയത്തിൽ ഉണ്ടാക്കാവുന്ന ദളിതശാക്തീകരണത്തിന്റെ ചലനാത്മകമായ സാദ്ധ്യതകൾ വ്യക്തമാകുന്നത്. അങ്ങനെയുള്ള സാദ്ധ്യതകളെ ഭയന്നാണ് ഭദ്രലോകിന്റെ കോൺഗ്രസ്സ് മുഖമായിരുന്ന  ഡോ ബി.സി. റോയിയെയും കമ്യൂണിസ്റ്റു മുഖമായിരുന്ന  ജ്യോതിബസുവിനെയും മുഖ്യമന്ത്രി കസേരയിൽ ഇരുന്നപ്പോൾ അഭയാർത്ഥികളിലെ നാമശൂദ്ര ഭൂരിപക്ഷത്തെ പശ്ചിമബംഗാളിന്റെ പടിക്ക് പുറത്തു നിർത്തുവാൻ പണിയെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നതിന് ചരിത്രം സാക്ഷിയാണ്.  

ഡോ ബിസി റോയ് ബംഗാളിനപ്പുറത്തേക്ക് വഴി കാട്ടിക്കൊടുത്ത് ഒഴിവാക്കിയപ്പോൾ ജ്യോതിബസുവിന്റെ കമ്യൂണിസ്റ്റു പാർട്ടി അടവുകളും തന്ത്രങ്ങളുമാണ് പുറത്തെടുത്തത്. അവർ പ്രതിപക്ഷത്തായിരുന്നപ്പോൾ നടത്തിയ പ്രഖ്യാപനങ്ങളും വാഗ്ദാനവും പ്രലോഭിപ്പിക്കുന്നവയായിരുന്നു: 'നിങ്ങൾ ബംഗാളികളാണ്. ബംഗാളിൽ തന്നെ പുനരധിവസിക്കപ്പെടണം. ഞങ്ങൾ അധികാരത്തില്‍ വന്നാൽ നിങ്ങളെ ബംഗാളിലേക്ക് തിരിച്ചു കൊണ്ടുവരും'.  1977ൽ ജ്യോതി ബസു മുഖ്യമന്ത്രിയായതിനു ശേഷവും തുടക്കത്തിൽ വാഗ്ദാനങ്ങൾ പാലിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു.   സുന്ദർബൻസിലെ മരിചഝാപിയിലേക്ക്  കുടിയേറുവാൻ മന്ത്രിസഭാ അംഗങ്ങൾ തന്നെ വഴികാട്ടിക്കൊടുക്കുകയും ചെയ്തു.

അധികാരക്കസേരയിലുറച്ചിരുന്നു കഴിഞ്ഞപ്പോൾ സ്റ്റാലിന്റെ സ്വാധീനം ജ്യോതി ബസുവിനെ മാറി ചിന്തിപ്പിച്ചതാകാം.  നൂറുശതമാനവും കൂടെയുണ്ടാകുമെന്നുറപ്പില്ലാത്തവരെ ഒഴിവാക്കുന്നതാണ് അധികാരം നിലനിർത്താൻ പ്രായോഗികമായി പ്രയോജനപ്പെടുന്നതെന്ന് കരുതിയതാകാം.  ബംഗ്ലാ ഭദ്രലോകിന്റെ കമ്യൂണിസ്റ്റ് മുഖമായിരുന്ന ജ്യോതിബസുവിന്റെ ഉള്ളിലെ ജാതിവിരോധമാകാം. മാരിചഝാപ്പിയിലേക്ക് കുടിയേറിയവരെ വേട്ടയാടുവാൻ കമ്യൂണിസ്റ്റു സർക്കാരിനെ ആയുധങ്ങളെടുപ്പിച്ചത്. പിന്നീടു നടന്നത് ഇനിയെങ്കിലും ഭാരതമറിയണം, ലോകമറിയണം.

(ലേഖകൻ ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്.  ഫോൺ:  9497450866)

• പുസ്തകം

ഭസ്മതീര്‍ത്ഥം
എം. കെ മാധവ വാര്യര്‍

ഭാഷാപണ്ഡിതനും ആലപ്പുഴ സനാതന ധര്‍മ്മ കോളജ്, വിവിധ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനുമായിരുന്ന യശശ്ശരീരനായ എം. കെ മാധവവാര്യര്‍ എഴുതി 1973 ല്‍ പ്രസിദ്ധീകരിച്ച ശബരിമല ചരിത്രം. അന്ധവിശ്വാസങ്ങളെയും അത്ഭുതകഥകളെയും താലോലിക്കാതെതന്നെ, അയ്യപ്പനോടുളള ഒരു നല്ല ഭക്തന്‍റെ  ഭക്തിവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന കൃതി. ചരിത്രത്തിന്‍റെയും യുക്തിയുടെയും ഉരകല്ലില്‍ ഇന്നും മാറ്റുകുറയാത്ത പ്രസക്തമായ നിരീക്ഷണങ്ങള്‍ ഈ കൃതിയെ വ്യതിരിക്തമാക്കുന്നു.      

എണ്‍പത്തെട്ടാം വയസ്സില്‍ (1989) ഇഹലോകം വെടിഞ്ഞ കെ. എം. മാധവവാര്യര്‍ ഭഗവദ്ഗീതക്ക് ഭാഷാന്തരവും മലയാള ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കായി വ്യാകരണ മഞ്ജരി എന്നൊരു കൃതിയും രചിച്ചതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആചാര്യ നരേന്ദ്രഭൂഷണ്‍ജിയുടെ 'അയ്യപ്പ നിര്‍ണ്ണയം' എന്ന കൃതിയില്‍ ഈ പുസ്തകത്തെ ബഹുമാനത്തോടെ ഉദ്ധരിച്ചു കണ്ടതുമുതല്‍ ഞാന്‍ അന്വഷണത്തിലായിരുന്നു. ഇന്നലെയായിരുന്നു കൈവന്നത്.

പെരിയ സ്വാമിയായിരുന്നു അദ്ദേഹം. കാവാലം നാരായണപ്പണിക്കരും മറ്റും കെട്ടുമുറുക്കാന്‍ അദ്ദേഹത്തിന്‍റെ അരികിലെത്തിയിരുന്നു. പ്രായാധിക്യത്തില്‍ ചടങ്ങുകള്‍ നടത്തിക്കൊടുക്കാന്‍ കഴിയാത്തപ്പോഴും അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ പടുക്കയൊരുക്കുന്നതും കെട്ടു മുറുക്കുന്നതും നാട്ടുകാര്‍ അനുഗ്രഹമായി കണ്ടിരുന്നു. എന്നാല്‍, യാഥാസ്ഥിതിക വിശ്വാസികള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊളളാനാവാത്ത ചില നിരീക്ഷണങ്ങള്‍ പുസ്തകത്തെ സമകാലികമാക്കുന്നു.

• ഹരികുമാര്‍ ഇളയിടത്ത്

Friday, March 13, 2020

ദലിത്ബന്ധുവിന്‍റെ
ചരിത്ര വഞ്ചനകള്‍

| കുറിപ്പ്
• ഹരികുമാര്‍ ഇളയിടത്ത്

കാണാത്തത് കണ്ടതുപോലെ വിവരിക്കുകയും കണ്ടത് കാണാത്തതുപോലെ അഭിനയിക്കുകയും ചെയ്യുകയെന്നത് എഴുത്തിലെ നീതികേടായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ചരിത്രമെഴുത്തില്‍, പ്രത്യേകിച്ചും, അതിനെ ക്രിമിനല്‍ കുറ്റമായും പരിഗണിക്കാം. അങ്ങനെയെങ്കില്‍ നമ്മുടെ ചരിത്രകരന്മാര്‍ ഒട്ടുമിക്കവരും ക്രിമിനല്‍ കൂടിയാതെന്നു വരും. അത്തരം എഴുത്തുകാരില്‍ എന്തുകൊണ്ടും മുമ്പനാണ് ദളിത്ബന്ധു എന്‍. കെ.ജോസ്.

അദ്ദേഹം ഒരത്ഭുതമാണ്. സ്വാമിത്തോപ്പു കാണാതെ സ്വാമിത്തോപ്പിനെക്കുറിച്ച് വര്‍ണ്ണിക്കും. 'Upper Garment' എന്നതിനെ 'മേല്‍മുണ്ട്' എന്നോ 'മേല്‍വസ്ത്രം' എന്നോ മൊഴിമാറ്റാതെ, 'മാറു മറക്കുക' എന്നാക്കും. ദളിതനല്ലാതെ ദളിത് ബന്ധുവായി നടിച്ച് ജനങ്ങളെ തമ്മിലകറ്റാന്‍ അക്ഷരത്തെ ദുര്‍വിനിയോഗം ചെയ്യുന്ന അതേ ചാരുതയോടെ, 'മുലക്കരം' എന്നതിനെ Breast Tax ആയി അവതരിപ്പികകും. അത് 'പെണ്‍ തൊഴിലാളിയുടെ മേല്‍ ഏര്‍പ്പെടുത്തപ്പെട്ട നികുതി'യെന്ന് സത്യസന്ധതയോടെ വിവര്‍ത്തനം ചെയ്താല്‍, സവര്‍ണ്ണരെയും അവര്‍ണ്ണരെയും രണ്ടു കളങ്ങളിലാക്കി ഭിന്നിപ്പിന്‍റെ രാസത്വരകം വിറ്റഴിക്കാന്‍ കഴിയാതാകുമെന്നറിയുന്ന നല്ലൊരു കച്ചവടക്കാരന്‍ കൂടിയാണ് അദ്ദേഹം.         ചരിത്രത്തെ ഭാവനയാക്കുന്ന കാപട്യം പോലെതന്നെ പ്രധാനമാണ് ഭാവനയെ ചരിത്രമാക്കി പ്രചരിപ്പിക്കുന്നതും. രണ്ടും ദളിത്ബന്ധുവിന്‍റെ കൂടെപ്പിറപ്പാണ്. അദ്ദേഹത്തിന്‍റെ രചനകള്‍ പരിചമുളളവര്‍ക്ക് അത് തിരിച്ചറിയാന്‍ എളുപ്പമാണ്.

ആറാട്ടുപുഴയെക്കുറിച്ച് അദ്ദേഹത്തിന് ഒരു ചുക്കും അറിയില്ലായിരുന്നു. 2000നു ശേഷമുളള നരേഷന്‍ വരുന്നതുവരെ. ന്യൂ മീഡിയ അദ്ദേഹത്തെ ഏറ്റെടുത്തശേഷം കേരളശബ്ദം, ഓറ തുടങ്ങിയവയിലെ ചെറു ലേഖനങ്ങളും മറ്റും നല്‍കിയ അറിവേ അദ്ദേഹത്തിന് ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് ഉണ്ടായിരുന്നുളളൂ. അതുപോലെ തന്നെയാണ് മുലച്ചിപ്പറമ്പിനെക്കുറിച്ചുമുളള അദ്ദേഹത്തിന്‍റെ അറിവും.

എന്നാല്‍, അവയെക്കുറിച്ചൊക്കെ തനിക്ക് മുമ്പേതന്നെ തികച്ചും ബോധ്യമുണ്ടായിരുന്നുവെന്ന മട്ടിലാണ് അദ്ദേഹം ആറാട്ടുപുഴയെക്കുറിച്ചും മുലച്ചിപ്പറമ്പിനെക്കുറിച്ചും എഴുതി മറിച്ചിരിക്കുന്നത്.

അവയെക്കുറിച്ചൊക്കെ
അറിയുമായിരുന്നെങ്കില്‍ ഏതാണ്ട് 200നടുത്ത് പുസ്തകം എഴുതിയ ആള്‍, കേവലം ഒരു വരിയോ വാക്കോ, അവരെക്കുറിച്ച് എന്തേ നേരത്തേ എഴുതാഞ്ഞൂ.? അല്ലെങ്കില്‍, നവോത്ഥാനത്തെക്കുറിച്ച് ഇതിനകം നിരവധി ഗ്രന്ഥങ്ങളെഴുതിയ അദ്ദേഹം എവിടെയെങ്കിലും അതേപ്പറ്റി പരാമര്‍ശിക്കുകയെങ്കിലും ചെയ്യാതെയിരുന്നു.?

ആറാട്ടുപുഴയെക്കുറിച്ചുളള തന്‍റെ പുസ്തകത്തിന്, ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം കാര്‍ത്തികപ്പളളി താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ശ്രീ. എസ്സ്. സലികുമാര്‍ ആമുഖമെഴുതി പ്രസിദ്ധീകരിച്ച, കെ. ഇന്ദ്രന്‍ തയ്യാറാക്കിയ 'ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' എന്ന ലഘുലേഖയോടുളള കടപ്പാടുപോലും രേഖപ്പെടുത്താന്‍ ദളിത്ബന്ധു വിസ്മരിച്ചു.

(തുടരും)