• പുസ്തകം
ഭസ്മതീര്‍ത്ഥം
എം. കെ മാധവ വാര്യര്‍
ഭാഷാപണ്ഡിതനും ആലപ്പുഴ സനാതന ധര്‍മ്മ കോളജ്, വിവിധ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനുമായിരുന്ന യശശ്ശരീരനായ എം. കെ മാധവവാര്യര്‍ എഴുതി 1973 ല്‍ പ്രസിദ്ധീകരിച്ച ശബരിമല ചരിത്രം. അന്ധവിശ്വാസങ്ങളെയും അത്ഭുതകഥകളെയും താലോലിക്കാതെതന്നെ, അയ്യപ്പനോടുളള ഒരു നല്ല ഭക്തന്‍റെ ഭക്തിവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന കൃതി. ചരിത്രത്തിന്‍റെയും യുക്തിയുടെയും ഉരകല്ലില്‍ ഇന്നും മാറ്റുകുറയാത്ത പ്രസക്തമായ നിരീക്ഷണങ്ങള്‍ ഈ കൃതിയെ വ്യതിരിക്തമാക്കുന്നു.
എണ്‍പത്തെട്ടാം വയസ്സില്‍ (1989) ഇഹലോകം വെടിഞ്ഞ കെ. എം. മാധവവാര്യര്‍ ഭഗവദ്ഗീതക്ക് ഭാഷാന്തരവും മലയാള ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കായി വ്യാകരണ മഞ്ജരി എന്നൊരു കൃതിയും രചിച്ചതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആചാര്യ നരേന്ദ്രഭൂഷണ്‍ജിയുടെ 'അയ്യപ്പ നിര്‍ണ്ണയം' എന്ന കൃതിയില്‍ ഈ പുസ്തകത്തെ ബഹുമാനത്തോടെ ഉദ്ധരിച്ചു കണ്ടതുമുതല്‍ ഞാന്‍ അന്വഷണത്തിലായിരുന്നു. ഇന്നലെയായിരുന്നു കൈവന്നത്.
പെരിയ സ്വാമിയായിരുന്നു അദ്ദേഹം. കാവാലം നാരായണപ്പണിക്കരും മറ്റും കെട്ടുമുറുക്കാന്‍ അദ്ദേഹത്തിന്‍റെ അരികിലെത്തിയിരുന്നു. പ്രായാധിക്യത്തില്‍ ചടങ്ങുകള്‍ നടത്തിക്കൊടുക്കാന്‍ കഴിയാത്തപ്പോഴും അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ പടുക്കയൊരുക്കുന്നതും കെട്ടു മുറുക്കുന്നതും നാട്ടുകാര്‍ അനുഗ്രഹമായി കണ്ടിരുന്നു. എന്നാല്‍, യാഥാസ്ഥിതിക വിശ്വാസികള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊളളാനാവാത്ത ചില നിരീക്ഷണങ്ങള്‍ പുസ്തകത്തെ സമകാലികമാക്കുന്നു.
• ഹരികുമാര്‍ ഇളയിടത്ത്
No comments:
Post a Comment