Friday, December 31, 2021

ഡോ. ഏവൂര്‍ മോഹന്‍ദാസ്

 നാട്ടുനന്മകളെ ഹൃദയത്തിലേറ്റി

ശാസ്ത്രകാരന്‍ ഇനി ഗ്രന്ഥകാരനുമാണ്.. 


നവമാധ്യമങ്ങളെ ഗൗരവത്തോടെയും ഉത്തരവാദിത്തബോധത്തോടെയും സമീപിക്കുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട്. അവര്‍ക്കിടയില്‍ ശ്രദ്ധേയനാണ് ഡോ. ഏവൂര്‍ മോഹന്‍ദാസ്. പലപ്പോഴായി സ്വന്തം ഫേസ്ബുക്ക് വാളിലും ബ്ലോഗിലും അദ്ദേഹം എഴുതിയ കുറിപ്പുകള്‍ ചിന്തയുടെയും നിരീക്ഷണ പടുത്വത്തിന്‍റെയും അനന്യതകൊണ്ട് അനുവാചകരുടെ പ്രശംസക്ക് നേരത്തേതന്നെ പാത്രമായതാണ്. നിശിതമായ സാമൂഹിക വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും യുക്തിബോധത്തോടെ അവതരിപ്പിച്ചിട്ടുള്ള പ്രസ്തുത കുറിപ്പുകള്‍ സമഗ്രമായി സമാഹരിച്ചതാണ് ഉള്‍ക്കാഴ്ചകള്‍ എന്നപേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. പ്രതിപാദ്യവിഷയത്തെ അടിസ്ഥാനമാക്കി മൂന്നു ഭാഗങ്ങങ്ങളായി തിരിച്ചിരിക്കുന്ന പുസ്തക സമുച്ചയത്തിലെ ഒന്നാം ഭാഗമാണ് 'ഉള്‍ക്കാഴ്ചകള്‍ : സാമൂഹികം' എന്ന പുസ്തകം.
സാംസ്കാരികം, ആത്മീയം എന്നീ വിഷയങ്ങളാണ് മറ്റു രണ്ടുഭാഗങ്ങളുടെ ഉള്ളടക്കം. യുക്തിക്കും ശാസ്ത്രബോധത്തിനും ഇണങ്ങുന്ന നിരീക്ഷണങ്ങളാണ് പുസ്തകത്തിന്‍റെ പ്രധാന സവിശേഷത. നമ്മുടെ പൊതുബോധത്തെ തിരുത്തുവാനും നോക്കുപാടുകളില്‍ കാതലായ വ്യതിയാനം വരുത്താനും ഉതകുന്നവയാണ് ഇതിലെ ഓരോ വാക്കുകളും. 


'ഉള്‍ക്കാഴ്ചകള്‍' രണ്ടാം പുസ്തകം സാംസ്കാരിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിലും ബ്ലോഗിലും പങ്കുവെച്ച ആശയങ്ങളുടെ സമാഹാരമാണ്. കഥകളിയെക്കുറിച്ച് പാരമ്പര്യവാദികള്‍ വച്ചുപുലര്‍ത്തുന്ന പല മാമൂല്‍പ്രിയതകളോടും കലഹിക്കുന്നതാണ് അദ്ദേഹത്തിന്‍റെ എഴുത്തുകള്‍. 

കൂടാതെ സാംസ്കാരിക വിഷയത്തില്‍ ഉള്‍പ്പെടുത്താവുന്നതും ആത്മസ്പര്‍ശമുള്ളതുമായ ചില സര്‍ഗ്ഗാത്മക രചനകളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. നരച്ചകുട തുടങ്ങിയവ ആ ഗണത്തില്‍ പെട്ടവയാണ്. 



ഭാരതീയ ജീവിത്തില്‍ ആത്മീയത ഏറെ തെറ്റുദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ഭാരതീയ ജീവിതത്തില്‍ അത് ചെലുത്തിയിട്ടുള്ള സ്വാധീനം അനന്യമാണ്. എന്നാല്‍ ആത്മീയതയെ വില്പനച്ചരക്കാക്കുന്ന ആത്മീയ ദല്ലാളന്മാരെ തുറന്നെതിര്‍ക്കാന്‍ ഡോ. ഏവൂര്‍  മോഹന്‍ദാസ് ധൈര്യമായി മുന്നോട്ടുവരുന്നു. ദേശീയതയെ ഏറെ ബഹുമാനിച്ചും ഭാരതീയ പൈതൃകത്തിന്‍റെ നാരായവേരിലേക്ക് ആണ്ടുപൂണ്ടിറങ്ങിച്ചെന്ന് നേരുകള്‍ കാട്ടിത്തന്നും അദ്ദേഹം യാഥാസ്ഥിതികരുടെ വിതണ്ഡവാദങ്ങളെ ചോദ്യം ചെയ്യുകയും ഉചിതോത്തരങ്ങളരുളി നാവടപ്പിക്കുകയും ചെയ്യുന്നു. 



ബോധി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍ (https://bodhibookspublic.blogspot.com/2021/01/bodhi-books-news_22.html)

ഡോ. ഏവൂര്‍ മോഹന്‍ദാസ് ജീവരേഖ

1959 മെയ് 7 ന് മദ്ധ്യതിരുവിതാംകൂറിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍പ്പെട്ട ഏവൂരില്‍ ജനിച്ചു. അച്ഛന്‍ എന്‍. ശ്രീധരന്‍നായര്‍, അമ്മ: എല്‍. ചെല്ലമ്മ. ബിരുദ തലംവരെ നാട്ടില്‍ പഠിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം 1983-ല്‍ കേന്ദ്ര ആണവോര്‍ജ്ജവകുപ്പിന്‍ കീഴില്‍ മുംബൈയിലുള്ള BARC ട്രെയിനിംഗ് സ്‌കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന്, തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ സയന്റിഫിക് ഓഫീസറായി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി. നേടി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസ്സോസിയേറ്റ് ആയിരുന്നു. ശാസ്ത്രഗവേഷണ മേഖലയില്‍ നിരവധി പ്രബന്ധങ്ങള്‍ രചിക്കുകയും റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കുകയും ചെയ്തു. 36 വര്‍ഷത്തെ സര്‍വ്വീസിനുശേഷം 2019 മേയില്‍ ജോലിയില്‍ നിന്നും വിരമിച്ചു. 

ആത്മീയവിഷയങ്ങളിലും കഥകളി സാഹിത്യത്തിലും ഗവേഷണാത്മക മായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീമദ് ഭഗവദ്ഗീതയെക്കുറിച്ചും നള ചരിതം ആട്ടക്കഥയെക്കുറിച്ചും നടത്തിയിട്ടുള്ള പഠനങ്ങള്‍ പ്രസിദ്ധീകരണ ത്തിന് തയ്യാറാകുന്നു. നവമാദ്ധ്യമങ്ങളിലൂടെ ആശയസം വേദനത്തില്‍ സജീവമാണ്. 'ദേവായനം' എന്ന  ഭക്തിഗാന ആല്‍ബത്തിന്റെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ചു. ഇപ്പോള്‍ കുടുംബവുമൊത്ത് ജന്മനാട്ടില്‍ താമസിക്കുന്നു. 

ഭാര്യ: ഷീജ. മക്കള്‍: അരവിന്ദ് മോഹന്‍, ആദര്‍ശ് മോഹന്‍

വിലാസം: കണ്ടത്തില്‍ വീട്, ഏവൂര്‍ വടക്ക്, ചേപ്പാട് പി.ഒ., ആലപ്പുഴ ജില്ല-690507ഫോണ്‍: 9442642321, 6383824815, ഇ-മെയില്‍:mkdas59@gmail.com              ബ്ലോഗ്: www.dhanyasi.blogspot.com