Monday, November 16, 2020

സാംസ്കാരികം

എരുവ നളന്ദ ഗ്രാമീണ ലൈബ്രറിക്ക് പിന്തുണയേറുന്നു, പുസ്തകങ്ങളുമായി സാംസ്കാരിക നായകർ

പത്തിയൂർ: എരുവ നളന്ദ കലാസാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വായനശാലയിലേക്ക് നൂറു ദിനങ്ങൾ നീണ്ടു നിൽക്കുന്ന പുസ്തക സമാഹരണ യജ്ഞം പരിപാടിയിൽ പ്രമുഖർ പങ്കാളിയാകുന്നു. തിരക്കഥാകൃത്തുക്കളും എഴുത്തുകാരുമായ പിഎഫ് മാത്യൂസ്, സന്തോഷ് ഏച്ചിക്കാനം, ചെറുകഥാകൃത്ത് സോക്രട്ടീസ് കെ വാലത്ത്, മലയാളം സർവ്വകലാശാലയിലെ ഡോ. അശോക് ഡിക്രൂസ്, കാലടി സർവ്വകലാലയിലെ ഡോ. അജയ് ശേഖർ, ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജ്് മലയാളം വിഭാഗം അദ്ധ്യക്ഷ ഡോ. ബെറ്റിമോൾ മാത്യു, ശ്രീകുമാരി രാമചന്ദ്രൻ തുടങ്ങി എഴുപതോളം വ്യക്തികളും സംഘടനകളും ഇതിനകം പദ്ധതിക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞു. പലരും നേരിട്ടും തപാൽ വഴിയും പുസ്തകം എത്തിച്ചു കൊണ്ടിരിക്കുന്നു.

       പി എഫ് മാത്യൂസ്

കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം ആർട്ടിസ്റ്റ് ബാലമുരളീകൃഷ്ണൻ, കേരള ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോപി ബുധനൂർ തുടങ്ങിയവർ പുസ്തകം കൈമാറി പുസ്തക സമാഹരണ യജ്ഞത്തിൽ പങ്കാളികളായി. നോവലിസ്റ്റ് ശോഭന രാജേന്ദ്രൻ സ്വന്തം കൃതികൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. ഡിസി ബുക്സ് പുസ്തക വിതരണക്കാരൻ ആഞ്ഞിലിപ്ര പി ശ്രീകുമാർ ഇരുപതോളം പുസ്തകം നളന്ദ രക്ഷാധികാരി സദാശിവൻ പിളളയ്ക്ക് കൈമാറി. യുവ എഴുത്തുകാരായ സുമോദ് പരുമല, സന്ധ്യ സുമോദ് എന്നിവർ ഇരുപത്തഞ്ചോളം പുസ്തകം സംഭാവന ചെയ്തു. 


കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി പത്തിയൂർ എരുവ കേന്ദ്രീകരിച്ച് ഗ്രാമതലത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക സംഘടനയാണ് നളന്ദ. കുസൃതിക്കൊട്ടാരം, നാകോത്സവം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. പഞ്ചായത്തിൽ ഒപ്പം പ്രവർത്തനം ആരംഭിച്ച നിരവധി സാംസ്കാരിക സംഘടനകളും ക്ലബ്ബുകളും മണ്ണടിഞ്ഞിട്ടും പൊതുരംഗത്ത് സജീവമായി നിലനിൽക്കുന്നുവെന്നത് നളന്ദയെ പുതു തലമുറക്കും പ്രിയങ്കരമാക്കുന്നു.

യുവകവി സുമോദ് പരുമല, ഭാര്യ സന്ധ്യ സുമോദ് എന്നിവരിൽ നിന്നും നളന്ദ രക്ഷാധികാരി സദാശിവൻ പിളള പുസ്തകം ഏറ്റുവാങ്ങുന്നു


പങ്കാളികളാകാൻ കഴിയുന്നവർ അറിയിക്കുക.

9895981501, 9349460832, 9846041114