Friday, December 31, 2021

ഡോ. ഏവൂര്‍ മോഹന്‍ദാസ്

 നാട്ടുനന്മകളെ ഹൃദയത്തിലേറ്റി

ശാസ്ത്രകാരന്‍ ഇനി ഗ്രന്ഥകാരനുമാണ്.. 


നവമാധ്യമങ്ങളെ ഗൗരവത്തോടെയും ഉത്തരവാദിത്തബോധത്തോടെയും സമീപിക്കുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട്. അവര്‍ക്കിടയില്‍ ശ്രദ്ധേയനാണ് ഡോ. ഏവൂര്‍ മോഹന്‍ദാസ്. പലപ്പോഴായി സ്വന്തം ഫേസ്ബുക്ക് വാളിലും ബ്ലോഗിലും അദ്ദേഹം എഴുതിയ കുറിപ്പുകള്‍ ചിന്തയുടെയും നിരീക്ഷണ പടുത്വത്തിന്‍റെയും അനന്യതകൊണ്ട് അനുവാചകരുടെ പ്രശംസക്ക് നേരത്തേതന്നെ പാത്രമായതാണ്. നിശിതമായ സാമൂഹിക വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും യുക്തിബോധത്തോടെ അവതരിപ്പിച്ചിട്ടുള്ള പ്രസ്തുത കുറിപ്പുകള്‍ സമഗ്രമായി സമാഹരിച്ചതാണ് ഉള്‍ക്കാഴ്ചകള്‍ എന്നപേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. പ്രതിപാദ്യവിഷയത്തെ അടിസ്ഥാനമാക്കി മൂന്നു ഭാഗങ്ങങ്ങളായി തിരിച്ചിരിക്കുന്ന പുസ്തക സമുച്ചയത്തിലെ ഒന്നാം ഭാഗമാണ് 'ഉള്‍ക്കാഴ്ചകള്‍ : സാമൂഹികം' എന്ന പുസ്തകം.
സാംസ്കാരികം, ആത്മീയം എന്നീ വിഷയങ്ങളാണ് മറ്റു രണ്ടുഭാഗങ്ങളുടെ ഉള്ളടക്കം. യുക്തിക്കും ശാസ്ത്രബോധത്തിനും ഇണങ്ങുന്ന നിരീക്ഷണങ്ങളാണ് പുസ്തകത്തിന്‍റെ പ്രധാന സവിശേഷത. നമ്മുടെ പൊതുബോധത്തെ തിരുത്തുവാനും നോക്കുപാടുകളില്‍ കാതലായ വ്യതിയാനം വരുത്താനും ഉതകുന്നവയാണ് ഇതിലെ ഓരോ വാക്കുകളും. 


'ഉള്‍ക്കാഴ്ചകള്‍' രണ്ടാം പുസ്തകം സാംസ്കാരിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിലും ബ്ലോഗിലും പങ്കുവെച്ച ആശയങ്ങളുടെ സമാഹാരമാണ്. കഥകളിയെക്കുറിച്ച് പാരമ്പര്യവാദികള്‍ വച്ചുപുലര്‍ത്തുന്ന പല മാമൂല്‍പ്രിയതകളോടും കലഹിക്കുന്നതാണ് അദ്ദേഹത്തിന്‍റെ എഴുത്തുകള്‍. 

കൂടാതെ സാംസ്കാരിക വിഷയത്തില്‍ ഉള്‍പ്പെടുത്താവുന്നതും ആത്മസ്പര്‍ശമുള്ളതുമായ ചില സര്‍ഗ്ഗാത്മക രചനകളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. നരച്ചകുട തുടങ്ങിയവ ആ ഗണത്തില്‍ പെട്ടവയാണ്. 



ഭാരതീയ ജീവിത്തില്‍ ആത്മീയത ഏറെ തെറ്റുദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ഭാരതീയ ജീവിതത്തില്‍ അത് ചെലുത്തിയിട്ടുള്ള സ്വാധീനം അനന്യമാണ്. എന്നാല്‍ ആത്മീയതയെ വില്പനച്ചരക്കാക്കുന്ന ആത്മീയ ദല്ലാളന്മാരെ തുറന്നെതിര്‍ക്കാന്‍ ഡോ. ഏവൂര്‍  മോഹന്‍ദാസ് ധൈര്യമായി മുന്നോട്ടുവരുന്നു. ദേശീയതയെ ഏറെ ബഹുമാനിച്ചും ഭാരതീയ പൈതൃകത്തിന്‍റെ നാരായവേരിലേക്ക് ആണ്ടുപൂണ്ടിറങ്ങിച്ചെന്ന് നേരുകള്‍ കാട്ടിത്തന്നും അദ്ദേഹം യാഥാസ്ഥിതികരുടെ വിതണ്ഡവാദങ്ങളെ ചോദ്യം ചെയ്യുകയും ഉചിതോത്തരങ്ങളരുളി നാവടപ്പിക്കുകയും ചെയ്യുന്നു. 



ബോധി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍ (https://bodhibookspublic.blogspot.com/2021/01/bodhi-books-news_22.html)

ഡോ. ഏവൂര്‍ മോഹന്‍ദാസ് ജീവരേഖ

1959 മെയ് 7 ന് മദ്ധ്യതിരുവിതാംകൂറിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍പ്പെട്ട ഏവൂരില്‍ ജനിച്ചു. അച്ഛന്‍ എന്‍. ശ്രീധരന്‍നായര്‍, അമ്മ: എല്‍. ചെല്ലമ്മ. ബിരുദ തലംവരെ നാട്ടില്‍ പഠിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം 1983-ല്‍ കേന്ദ്ര ആണവോര്‍ജ്ജവകുപ്പിന്‍ കീഴില്‍ മുംബൈയിലുള്ള BARC ട്രെയിനിംഗ് സ്‌കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന്, തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ സയന്റിഫിക് ഓഫീസറായി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി. നേടി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസ്സോസിയേറ്റ് ആയിരുന്നു. ശാസ്ത്രഗവേഷണ മേഖലയില്‍ നിരവധി പ്രബന്ധങ്ങള്‍ രചിക്കുകയും റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കുകയും ചെയ്തു. 36 വര്‍ഷത്തെ സര്‍വ്വീസിനുശേഷം 2019 മേയില്‍ ജോലിയില്‍ നിന്നും വിരമിച്ചു. 

ആത്മീയവിഷയങ്ങളിലും കഥകളി സാഹിത്യത്തിലും ഗവേഷണാത്മക മായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീമദ് ഭഗവദ്ഗീതയെക്കുറിച്ചും നള ചരിതം ആട്ടക്കഥയെക്കുറിച്ചും നടത്തിയിട്ടുള്ള പഠനങ്ങള്‍ പ്രസിദ്ധീകരണ ത്തിന് തയ്യാറാകുന്നു. നവമാദ്ധ്യമങ്ങളിലൂടെ ആശയസം വേദനത്തില്‍ സജീവമാണ്. 'ദേവായനം' എന്ന  ഭക്തിഗാന ആല്‍ബത്തിന്റെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ചു. ഇപ്പോള്‍ കുടുംബവുമൊത്ത് ജന്മനാട്ടില്‍ താമസിക്കുന്നു. 

ഭാര്യ: ഷീജ. മക്കള്‍: അരവിന്ദ് മോഹന്‍, ആദര്‍ശ് മോഹന്‍

വിലാസം: കണ്ടത്തില്‍ വീട്, ഏവൂര്‍ വടക്ക്, ചേപ്പാട് പി.ഒ., ആലപ്പുഴ ജില്ല-690507ഫോണ്‍: 9442642321, 6383824815, ഇ-മെയില്‍:mkdas59@gmail.com              ബ്ലോഗ്: www.dhanyasi.blogspot.com


Tuesday, October 26, 2021

ശ്രീനാരായണഗുരു

ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തിലെ അപൂര്‍വ്വതകളെ രേഖപ്പെടുത്തിയ 1953 ഏപ്രില്‍ ലക്കം അരുണ മാസികയില്‍ നിന്നും. മാസികയുുടെ മാനേജിംഗ് എഡിറ്റര്‍ വര്‍ഗ്ഗീസ് കളത്തില്‍ എം. എ എഴുതിയ ലേഖനം. മാസികയില്‍ ആ ലക്കം മുഖചിത്രമായതും ഗുരുവായിരുന്നു.








 

Monday, October 18, 2021

ലേഖനം | ഈഴവീകരണത്തിന് നൂറ്റാണ്ട്

ശ്രീനാരായണഗുരു എഴുതിയ ജാതി സര്‍ട്ടിഫിക്കറ്റിന് ശതാബ്ദി

>> ഹരികുമാര്‍ ഇളയിടത്ത് 

മതംമാറി ക്രൈസ്തവരാകാന്‍ ശ്രമിച്ച ഹിന്ദുക്കളിലെ കണിക്കുറുപ്പ് വിഭാഗത്തെ ശ്രീനാരായണഗുരു ഇടപെട്ട് ഈഴവ സമുദായമാക്കി ഒപ്പംചേര്‍ത്തു നിര്‍ത്തിയ ചരിത്ര സംഭവത്തിന് 1196 ഇടവം 24-ന് (2021 ജൂണ്‍ 7) നൂറ്റൊന്നു വര്‍ഷം തികഞ്ഞു. തുടര്‍ന്ന് അവരുടെ നേതൃത്വം വഹിച്ച കൃഷ്ണന്‍ വൈദ്യരെ യോഗ്യനായ ഈഴവനാക്കി ഗുരുദേവന്‍ എഴുതിയ സാക്ഷ്യപത്രത്തിന് ഈ കന്നി 19-ന് (2021 ഒക്ടോബര്‍ 5) നൂറുവര്‍ഷവും തികഞ്ഞു. 


ശ്രീനാരായണ ഗുരുവിനെ കേരള നവോത്ഥാനചരിത്രത്തിന്‍റെ അനിഷേധ്യനായ അമരക്കാരനായി അവരോധിച്ചത് സാമൂഹികാസമത്വങ്ങള്‍ക്കെതിരെ അദ്ദേഹം ഉണര്‍ത്തിവിട്ട സമരപരമ്പരകള്‍കൊണ്ടു മാത്രമല്ല, പ്രത്യുത, സാമൂഹികമായി തീര്‍ത്തും ദുര്‍ബ്ബലരായവരെക്കൂടി കൂടെക്കൂട്ടി നിര്‍ത്തി അവരില്‍ ആത്മവിശ്വാസം പകരാന്‍ കാട്ടിയ ആര്‍ജ്ജവംകാെണ്ടു കൂടിയാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് അദ്വൈതാശ്രമത്തില്‍ വച്ച് 1097 കന്നി 19ന് ഗുരുദേവന്‍ എഴുതിയ ചരിത്രപരമായ കത്ത്. ആഘോഷിക്കപ്പെടാതെപോയ ആ കത്തിന്‍റെ ശതാബ്ദി വര്‍ഷം കൂടിയാണിത്. ഐതിഹാസികമാനമുള്ള ആ കത്തില്‍ ഗുരു ഇങ്ങനെ കുറിച്ചിരിക്കുന്നു:

'ചങ്ങനാശ്ശേരി മഞ്ചാടിക്കര വാഴപ്പള്ളി കിഴക്കുംമുറിയില്‍ കുന്നുംപുറത്തു ജി കൃഷ്ണന്‍ വൈദ്യന് ഈഴവ പ്രാതിനിധ്യം വഹിക്കുന്നതിലേക്കു യോഗ്യനായ ഈഴവനാണെന്നുള്ളതിനേ സ്ഥലനിവാസികളായ ഈഴവ പ്രമാണിമാരാരും വിസമ്മതിക്കയില്ലെന്നു നാം ദൃഢമായി വിശ്വസിക്കുന്നു.

നാരാരണഗുരു 

അദ്വൈതാശ്രമം                                              ആലുവ 

'97-2-19

 >> പശ്ചാത്തലം

പൊതുവഴിയിലൂടെ ഈഴവര്‍ക്ക് നടക്കാന്‍ വലിയ സമരങ്ങള്‍ വേണ്ടിവന്നിരുന്നു. പ്രസിദ്ധമായ വൈക്കം സത്യഗ്രഹവും കോട്ടയത്തെ തിരുവാര്‍പ്പ് സമരവും പാലക്കാട്ടെ കല്പാത്തി കലാപവുമൊക്കെ പൊതുവഴിയിലൂടെയുളള ഈഴവരുടെ സഞ്ചാരത്തിനു വേണ്ടിയുളളതായിരുന്നു.  അതേസമയം, ഈഴവര്‍ക്കു വിലക്കുണ്ടായിരുന്ന പൊതുവഴിയിലൂടെ യഥേഷ്ടം സഞ്ചരിച്ചിരുന്നവരായിരുന്നു പിച്ചനാട്ട് കുറുപ്പന്മാര്‍. കണിക്കുറുപ്പന്മാര്‍ എന്നും ഇവരെ വിളിച്ചിരുന്നു. നായരേക്കാള്‍ അല്പം താഴ്ന്നതും ഈഴവരേക്കാള്‍ അല്പം ഉയര്‍ന്നതുമായിരുന്നു അവരുടെ അന്നത്തെ സാമൂഹിക നില. നായര്‍ ഭവനങ്ങളില്‍ ഈഴവര്‍ക്ക് കടന്നു ചെല്ലാവുന്നതിനുമപ്പുറം സ്വാതന്ത്ര്യം ഇവര്‍ക്കുണ്ടായിരുന്നു. വൈദ്യത്തിലും ജ്യോതിഷത്തിലും പ്രാഗത്ഭ്യമുളളവരായിരുന്നു അവരില്‍ പലരും. സാമൂഹികമായി ഉയര്‍ന്ന നിലയുണ്ടായിരുന്നവര്‍ക്കിടയില്‍ അവര്‍ സ്വീകാര്യത നേടിയിരുന്നു. ഉന്നതര്‍ക്കുമുന്നില്‍ അക്കാലത്തെ പതിവായിരുന്ന 'അടിയന്‍', 'റാന്‍', 'വിടകൊളളുക' തുടങ്ങിയ ആചാരഭാഷകളൊന്നും അവര്‍ക്ക് ബാധകമല്ലായിരുന്നു.

പത്തനംതിട്ട, തിരുവല്ല, കവിയൂര്‍  തുടങ്ങി മൂന്നു താലൂക്കുകളില്‍ മാത്രം ഒതുങ്ങിനിന്ന ജനതയായിരുന്നു അവര്‍. ആകെക്കൂടി നൂറില്‍ത്താഴെ വീട്ടുകാരും.  ജനസംഖ്യ അഞ്ഞൂറില്‍ത്താഴെ മാത്രവും. ജാതിയും ജാതിക്കുളളിലെ ജാതിയുമൊക്കെ നോക്കിയേ അക്കാലത്ത് ആളുകള്‍ വെളളം കുടിക്കുക പോലും പതിവുണ്ടായിരുന്നുളളൂ. ഇന്നു നാം തിരിച്ചറിയുന്നതു പോലെ, നൂറുവര്‍ഷം മുമ്പ്, ഏതെങ്കിലും ഒരു വീട്ടിലെ ചടങ്ങുകളില്‍ ചുറ്റുപാടുമുളള എല്ലാവരും പങ്കെടുക്കുന്ന പതിവുമുണ്ടായിരുന്നില്ല. വിശേഷങ്ങള്‍ക്ക് അന്യജാതിക്കാരായ അയല്‍ക്കാരുടെ പോലും സഹകരണം പ്രതീക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അന്ന്. അതിനാല്‍, എന്തെങ്കിലും വിശേഷങ്ങളോ ചടങ്ങുകളോ അടിയന്തിരങ്ങളോ നടത്തണമെങ്കില്‍ പലയിടത്തായി ചിതറിക്കിന്നിരുന്ന സ്വന്തക്കാരെ മുഴുവന്‍ ക്ഷണിച്ചുകൊണ്ടു വരേണ്ടിയിരുന്നു.


വളരെക്കുറച്ചാളുകള്‍ മാത്രമുണ്ടായിരുന്ന പിച്ചനാട്ട് കുറുപ്പന്മാര്‍ പരസ്പരം രക്തബന്ധുക്കളായതിനാല്‍ വിവാഹ കര്‍മ്മം അവര്‍ക്ക് ഒരു വലിയ പ്രതിസന്ധിയായിത്തീര്‍ന്നു. ബന്ധുത്വമില്ലാത്തവരെ വിവാഹം  കഴിക്കണമെങ്കില്‍ മറ്റു സമുദായങ്ങളില്‍ നിന്നേ കഴിയുമായിരുന്നുളളൂ. അന്നത്തെ സാമൂഹിക അവസ്ഥയില്‍ അതിനൊട്ടു സാധ്യതയുമില്ല. കണിയാന്‍മാരുടെ ചൗളം, അപരക്രിയ (മരണാനന്തര കര്‍മ്മം) എന്നിവ നടത്തിയിരുന്നവരെന്ന നിലയില്‍ അവരെ ഉള്‍ക്കൊളളാന്‍ ഹിന്ദുസമൂഹത്തിലെ ഒരു ജാതി വിഭാഗങ്ങളിലും വ്യവസ്ഥയുണ്ടായിരുന്നില്ല. എന്നല്ല, ജാതിശ്രേണിയെ പഴിക്കുമ്പോഴും ഓരോ ജാതിവിഭാഗവും അവരവരുടെ ശ്രേഷ്ഠതയില്‍ അഭിമാനിക്കുകകൂടി ചെയ്തിരുന്നു. ഈ അവസ്ഥയില്‍ മതം  മാറുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും അവര്‍ക്കു മുന്നില്‍ ഇല്ലായിരുന്നു.

>> ചില ചരിത്രശകലങ്ങള്‍

മധ്യതിരുവിതാം കൂറിലെ ആറന്മുളക്കടുത്താണ് പൂവത്തൂര്‍ എന്ന പ്രദേശം. അന്നത്തെ തിരുവല്ല താലൂക്കില്‍പ്പെട്ട പ്രദേശമായിരുന്നു അത്. കഥകളിലും മറ്റും വര്‍ണ്ണിക്കപ്പെട്ടിരുന്നതു പോലുളള ഒരു തനി നാട്ടിന്‍പുറം. പൂവത്തൂര്‍ ഗോവിന്ദനാശാന്‍ നാട്ടില്‍ അറിയപ്പെടുന്ന ജ്യൗതിഷിയും കളരിചികിത്സാ വിദഗ്ദ്ധനുമായിരുന്നു. ഉത്തര കേരളത്തില്‍നിന്ന് 1700-കളില്‍

വൈദ്യവും കളരിയുമായി കുടിയേറിയവരാണ് അദ്ദേഹത്തിന്‍റെ പൂര്‍വ്വികര്‍ എന്നു കരുതപ്പെടുന്നു. തിരുവിതാംകൂറിലെ രാജഭരണം അസ്തമിക്കുകയും നാടുവാടിത്തം പ്രഭകെട്ടുതുടങ്ങുകയും ചെയ്തതോടെ കളരികളെയും അവിടുത്തെ ആശാന്മാരെയും സംരക്ഷിക്കാനുളള നാട്ടധികാരികളുടെ താല്പര്യവും അസ്തമിച്ചു. അതോടെ, പല സമൂഹങ്ങളുടെയും നിലനില്പ് അവതാളത്തിലായി. ഉദാഹരണമായി, പല്ലക്കു ചുമക്കുന്നതിനുവേണ്ടി നാഗര്‍കോവില്‍ പരിസരത്തു നിന്നും മധ്യതിരുവിതാംകൂറിലേക്ക് കൊണ്ടുവന്ന കരുത്തരും കായബലമുളളവരുമായ ഒരു ജനവിഭാഗമായിരുന്നു 'തണ്ടാന്മാര്‍'. 'തണ്ട്' അഥവാ പല്ലക്ക് ചുമക്കുന്നവരായതുകൊണ്ടാണ് അവര്‍ക്ക് ആ പേരു കിട്ടിയത്. രാജഭരണം ബ്രിട്ടീഷ് രാജിനും അതു പിന്നീട് ജനായത്തത്തിനും വഴിമാറുന്നതിനിടയില്‍ സാമൂഹിക രംഗത്തും വൈജ്ഞാനികരംഗത്തും വന്നുചേര്‍ന്ന പരിവര്‍ത്തനങ്ങള്‍ മൂലം ചെയ്തുപോന്ന തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ നിലനില്പിനായി അവര്‍ മരം കയറിത്തുടങ്ങി. പഴയ തൊഴിലു പോയെങ്കിലും തണ്ടാന്‍ എന്ന തൊഴില്‍ നാമം ആ സമൂഹത്തിനുമേല്‍ അപ്പോഴും പറ്റിച്ചേര്‍ന്ന് നിലനിന്നു. പുതിയ തൊഴില്‍ ചെയ്തപ്പോള്‍ പുതിയ തൊഴില്‍പ്പേരു കിട്ടിയില്ലെന്നു മാത്രമല്ല, പഴയപേരിനു പതിത്വം വരികയും ചെയ്തു. അതോടെ, രാജകീയ വാഹനം ചുമ്മിയിരുന്നവര്‍ അന്നത്തെ സാമൂഹിക വ്യവസ്ഥപ്രകരം അധഃകൃതരായി, അധഃപതിച്ചവരായി തീര്‍ന്നു. അതുപോലെ, മാറിയസാഹചര്യത്തില്‍, നിലനില്പിനുവേണ്ടി ഇതര തൊഴിലുകളിലേക്ക് തിരിയേണ്ടി വന്നവരാണ് പിച്ചനാട്ട് കുറുപ്പന്മാരും. എങ്കിലും, 'തര്‍ക്ക ജ്യോതിഷ'ത്തിലുളള പ്രാവീണ്യവും സത്കീര്‍ത്തിയും പൂവത്തൂര്‍ ഗോവിന്ദനാശാനെയും കുടുംബത്തെയും ഉപജീവനത്തിനു തുണച്ചു.

>> കൃഷ്ണന്‍ വൈദ്യന്‍

പൂവത്തൂര്‍ ഗോവിന്ദനാശാന്‍റെ മകനായിരുന്നു കൃഷ്ണന്‍ വൈദ്യര്‍. പിതാവിനെപ്പോലെതന്നെ വൈദ്യത്തിലും ജ്യോതിഷത്തിലും സാഹിത്യാദികളിലും തല്പരനും പ്രസിദ്ധനുമായിരുന്നു അദ്ദേഹവും. അക്കാലത്തെ സാഹിത്യ സദസ്സുകളില്‍ വൈദ്യര്‍ നിത്യസന്ദര്‍ശകനായിരുന്നു. അങ്ങനെ കവികളും കലാകാരന്മാരും അദ്ദേഹത്തിന്‍റെ സൗഹൃദ വലയത്തിലുണ്ടായി. പിതാവ് പൂവത്തൂര്‍ ഗോവിന്ദനാശാന്‍ കാലയവനികയ്ക്കുളളില്‍ മറഞ്ഞതോടെ ഏതാണ്ട് നൂറിനടുത്ത് വരുന്ന കുടുംബങ്ങളുടെ നേതൃത്വം കൃഷ്ണന്‍ വൈദ്യനിലായി.

>> തിരുവല്ലെയെന്ന ബ്രാഹ്മണഗ്രാമം

ഒരു ബ്രാഹ്മണ ഗ്രാമമെന്ന നിലയിലാണ് അക്കാലത്ത് തിരുവല്ലയെ അറിയപ്പെട്ടിരുന്നത്. പരശുരാമന്‍ കൊണ്ടുവന്ന് താമസ്സിപ്പിച്ചവരെന്നു ഐതിഹ്യ പ്രശസ്തിയുളള വിഭാഗങ്ങളുടെ അധീനതയിലായിരുന്നു അവിടം. അതിന്‍റേതായ ചിട്ടവട്ടങ്ങള്‍ക്കും സാമൂഹിക ബന്ധങ്ങള്‍ക്കുമിടയിലും പൊതുവഴി ഇവര്‍ക്ക് വലക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ശ്രേണീബദ്ധമായ ജാതി ഘടനയുടെ തിന്മകള്‍ ഒട്ടും കുറയാത്ത പ്രദേശം കൂടിയായിരുന്നു അത്. ഇന്നും അവിടെ കാണപ്പെടുന്ന തീണ്ടല്‍പ്പലക അന്നത്തെ യാഥാസ്ഥിതികത്വത്തെ അടയാളപ്പെടുത്തുന്നു.

ഈ മണ്ണിലാണ് വിശ്വാസക്കൊയ്ത്തുമായി അന്യമതങ്ങള്‍ ചേക്കേറുന്നത്. പ്രത്യേകിച്ചും ക്രൈസ്തവ വിശ്വാസം. മധ്യ തിരുവിതാംകൂറില്‍ ആദ്യമായി ഒരു അവര്‍ണ്ണന്‍ ക്രൈസ്തവ വിശ്വാസിയായത് തിരുവല്ലയ്ക്കടുത്തുളള മല്ലപ്പളളിയിലെ വയല്‍ വരമ്പില്‍വെച്ചാണ്. അക്കാലത്തെ അവര്‍ണ്ണന്‍ അനുഭവിച്ച പീഡനത്തിന്‍റെ ആകെത്തുക ആ ഒറ്റ സംഭവത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഭക്ഷണമോ വെളളമോ കഴിക്കാതെ, കത്തുന്ന വെയിലില്‍, ഒരുവശത്ത് മാടിനൊപ്പം കഴുത്തില്‍ വെച്ചുകെട്ടപ്പെട്ട നുകവുംപേറി നിലമുഴുന്ന ഒരു മനുഷ്യക്കോലം. ഉഴവുകാരന്‍റെ ക്രൂരമായ ചാട്ടവാറടിയേറ്റു വരണ്ടുണങ്ങിയ നാവിനാല്‍ നിലവിളിച്ചു കൊണ്ട് അയാള്‍ ബോധം കെട്ടു നിലത്തു വീണു. പുലയാനായ ഒരു അടിമത്തൊഴിലാളിയായിരുന്നു അയാള്‍. വീണുകിടക്കുന്ന അയാളെ വീണ്ടും ആക്രമിക്കുന്നതിനു തുനിയുകയാണ് മേല്‍നോട്ടക്കാരന്‍. അത് കണ്ടുകൊണ്ട് അതുവഴിവന്ന മതപ്രബോധകനായ ഹോക്സ് വര്‍ത്ത് ധ്വര അടിമയെ രക്ഷിച്ചെടുത്തു. അതിന്‍റെ നന്ദി സൂചകമായി അടിമ മതം മാറി ക്രൈസ്തവനായി. ഹാബേല്‍ എന്ന പേരും സ്വീകരിച്ചു. 1854 സെപ്റ്റംബര്‍ 8-ാം തീയതിയായിരുന്നു അത്. മധ്യതിരുവിതാംകൂറിലെ ആദ്യത്തെ മതംമാറ്റവും അതായിരുന്നു. ഇവയൊക്കെയായിരുന്നു തിരുവല്ലയിലെ അന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍.

>> ക്രിസ്ത്യാനിയാവാന്‍ വൈദ്യര്‍ക്ക് ക്ഷണം

ഇതിനിടയിലും, ചികിത്സയിലെ മികവുകൊണ്ട് തിരുവല്ലയില്‍ ക്രമേണ കൃഷ്ണന്‍വൈദ്യര്‍ക്ക് ക്രൈസ്തവ വിശ്വാസികളായ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിത്തീര്‍ന്നു. തിരുവല്ല ബിഷപ്പിനെ ചികിത്സിച്ചതുവഴിയുണ്ടായ കീര്‍ത്തി ക്രൈസ്തവര്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ  സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. സ്വജനങ്ങളുടെ എണ്ണക്കുറവുമൂലം തങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ്, ക്രൈസ്തവ സുഹൃത്തുക്കള്‍ വൈദ്യരെ അവരുടെ മതത്തിലേക്ക് ക്ഷണിക്കുന്നത്. ആ ക്ഷണം അദ്ദേഹത്തിന് ഒരാശ്വാസമായി തോന്നി. പൂര്‍ണ്ണ മനസ്സോടായിരുന്നില്ല  അദ്ദേഹം അതിനു സമ്മതിച്ചതെന്ന് പിന്നീടുളള സംഭവങ്ങള്‍ തെളിയിക്കുന്നു.

 >> മൂലൂരിന്‍റെ ഇടപെടല്‍ 

ഇതിനിടയിലാണ് അദ്ദേഹം സരസകവി മൂലൂര്‍ എസ്സ് പത്മനാഭപ്പണിക്കരെ വീണ്ടും കാണാനിടയായത്. തന്‍റെ ബന്ധുക്കളുള്‍പ്പെടെയുളളവരുമായി ക്രിസ്തുമതത്തിലേക്ക് മാറാനുളള തങ്ങളുടെ കൂട്ടായ തീരുമാനത്തെക്കുറിച്ച് വൈദ്യര്‍ മൂലൂരിനോടു സന്ദര്‍ഭവശാല്‍ പറഞ്ഞു. 'വിശ്വാസം തോന്നീട്ടല്ല, സ്വജനലോഭത്താല്‍ മാത്രമാണ് മതപരിവര്‍ത്തനത്തിനു ഭാവിച്ചിരിക്കുന്നത്' എന്നായിരുന്നു മൂലൂരിന്‍റെ സംശയത്തിന് വൈദ്യര്‍ നല്‍കിയ മറുപടി.
മൂലൂരിന്‍റെ സ്വന്തം വാക്കുകളില്‍ നമുക്ക് തുടര്‍ന്ന് വായിക്കാം:
'അങ്ങനെയെങ്കില്‍ ഈഴവരാകുന്നതിനു നിങ്ങള്‍ക്കു അഭിമതമാണോ എന്നു ഞാന്‍ ചോദിച്ചു. 'അതു സാധ്യമല്ലല്ലോ?' എന്ന് നിരാശനായിട്ട് കൃഷ്ണന്‍ വൈദ്യന്‍ മറുപടി പറഞ്ഞു. അതു സാധ്യമാണെന്നും ശ്രീനാരായണ ഗുരുദേവന്‍റെ സാന്നിധ്യത്തില്‍ ഇത് നിഷ്പ്രയാസം സാധിക്കാമെന്നും അതുവരെ മതപരിവര്‍ത്തനം ചെയ്യരുതെന്നും ഞാന്‍ പറഞ്ഞതിനെ പണ്ഡിതനും ശാന്തനുമായ വൈദ്യര്‍ സന്തോപൂര്‍വ്വം അനുവദിച്ചു. ഈവിവരം യഥാവസരം ഞാന്‍ സ്വാമികളോട് ഉണര്‍ത്തിച്ചു. അവിടുന്ന് അത്യന്തം ആഹ്ലാദ പരതന്ത്രനായിട്ട്, 'നാം ഉടനെ തിരുവല്ലയില്‍ വരാം' എന്നു മറുപടി കല്പിക്കുകയുണ്ടായി'       

'അതനുസരിച്ച് 1094-ാമാണ്ട് ഇടവമാസം 21ന് വൈകിട്ട് സ്വാമികള്‍ ചെങ്ങന്നൂരില്‍ എത്തി. പില്‍ക്കാലത്ത് ഗോവിന്ദാനന്ദ സ്വാമികള്‍ എന്നറിയപ്പെട്ട ശിഷ്യനും, പരദേശി എന്നറിയപ്പെട്ട സന്യാസി ശിഷ്യന്‍ ശങ്കരന്‍ തുടങ്ങിയവരും സ്വാമികളോട് ഒരുമിച്ചുണ്ടായിരുന്നു' 

>> ഗുരുവിന്‍റെ സാഹസിക യാത്രയും സന്ദര്‍ശനവും

ചെങ്ങന്നൂരില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും ഒപ്പമുണ്ടായാരുന്നവരെയും കൂട്ടി മൂലൂര്‍ നാലുമണിയോടെ തിരുവല്ലയ്ക്ക് പുറപ്പെട്ടു. ചിറപ്പുഴപ്പാലം വഴിയായിരുന്നു അവരുടെ യാത്ര. ആറുകടന്ന് മറുകരയെത്തിയപ്പോഴേക്കും സമയം അഞ്ചരമണി കഴിഞ്ഞു. ഇടവമാസത്തിന്‍റെ നിറംമാറ്റം പ്രകൃതി കാട്ടിത്തുടങ്ങി. പെട്ടെന്ന് ആകാശം കാറും കോളും കൊണ്ടു മൂടി. തുടര്‍ന്നുളള യാത്ര അതോടെ ദുഷ്കരമായി.



പമ്പയുടെ വടക്കേകകരയില്‍ മഴുക്കീര്‍ കുന്നുംപുറത്ത് നീലകണ്ഠന്‍ എന്നയാളുടെ വക കാക്കശ്ശേരില്‍ എന്ന വീട്ടില്‍ നാരായണ ഗുരുവും കൂട്ടരും അന്നു വിശ്രമിച്ചു. ആ രാത്രി പമ്പാനദി കരകവിഞ്ഞു. നേരം വെളുത്തപ്പോഴേക്കും അവര്‍ താമസിച്ചിരുന്ന വീടിന്‍റെ പരിസരങ്ങളെല്ലാം മുങ്ങിക്കഴിഞ്ഞു.

ഇടവം ഇരുപത്തി മൂന്നാം തീയതി അവര്‍ തിരുവല്ലയ്ക്ക് പുറപ്പെട്ടു. റോഡില്‍ നിറയെ വെളളമായതിനാല്‍ ശ്രീനാരായണ ഗുരുവിനെ ഒരു വാഹനത്തില്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഏര്‍പ്പാടാക്കി. ക്ലേശങ്ങള്‍ സഹിച്ച് അവര്‍ കവിയൂരിലേക്കു തിരിച്ചു. രണ്ടുമൈല്‍ വരെ വാഹനം സഞ്ചരിക്കാത്ത ഒരിടത്ത് സംഘം എത്തിച്ചേര്‍ന്നു. അപ്പോഴേക്കും കവിയൂര്‍കാരായ സ്വജനങ്ങള്‍ മെത്രോപ്പോലിത്തയുടെ പല്ലക്കുമായി വന്നു. എന്നാല്‍ ഗുരു ശിഷ്യര്‍ക്കും മറ്റുളളവര്‍ക്കുമൊപ്പം നടന്നാണ് പോയത്. 'നിമ്നോന്നതങ്ങള്‍ നമുക്കു പണ്ടേ സുഗമങ്ങളാണ്' എന്നായിരുന്നു അപ്പോഴത്തെ ഗുരുവരുളെന്നാണ് മൂലൂര്‍ രേഖപ്പെടുത്തുന്നത്. നാലുമണിക്ക് ഗുരുവും കൂട്ടരും കവിയൂരിലെത്തിച്ചേര്‍ന്നു. അവിടെ ക്ഷേത്രത്തിനു വടക്കുളള കൊച്ചിക്കാചാന്നാരുടെ വീട്ടിലായിരുന്നു അന്നത്തെ വിശ്രമം.

>> ചരിത്രം വിസ്മരിച്ച സുദിനം

ശ്രീനാരായണ ഗുരുവിന്‍റെ ക്ഷണമനുസരിച്ച് ഇരുപത്തി നാലാംതീയതി പിച്ചനാട്ട് കുറുപ്പന്മാര്‍ കൃഷ്ണന്‍ വൈദ്യരുടെ നേതൃത്വത്തില്‍ കോട്ടൂര്‍ വീട്ടിലെത്തി. ഒപ്പം, പ്രദേശത്തെ പ്രധാന ഈഴവ നേതാക്കളും ക്രൈസ്തവ - നായര്‍ പ്രമാണിമാരും എത്തിച്ചേര്‍ന്നു. ഗുരുവിന്‍റെ അദ്ധ്യക്ഷതയില്‍ അവിടെ ഒരു വലിയ യോഗം ചേര്‍ന്നു. നായര്‍ പ്രമാണിയായ പെരുവേലി നാരായണപ്പണിക്കരും മൂലൂരും മറ്റു ചിലരും യോഗത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. അതിനുശേഷം സ്വാമികള്‍ കൃഷ്ണന്‍ വൈദ്യരെ അടുത്തേക്ക് ക്ഷണിച്ചു. 'ഇന്നു മുതല്‍ നിങ്ങളുടെ കുറുപ്പ് എന്നുളള വ്യക്തി പോയിരിക്കുന്നു. ഇവരും നിങ്ങളും സ്വജനങ്ങളായിരുന്നു കൊളളണം. നിങ്ങള്‍ക്കു ക്ഷേമമുണ്ടാകും' എന്നിങ്ങനെ ഗുരു അദ്ദേഹത്തെയും കൂട്ടരെയും ആശിര്‍വദിച്ചു. അതിനുശേഷം ആ വീട്ടില്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു. എല്ലാം വീക്ഷിച്ചുകൊണ്ട് ഒരു ചാരുകസേരയില്‍ സ്വാമികള്‍ ഇരുന്നു.

സദ്യക്കുശേഷം മൂലൂരിനെ ഗുരു അടുത്തേക്കു വിളിച്ചു. 'ഇന്നൊരു സുദിനം തന്നെ. സമുദായ ചരിത്രത്തില്‍ ഇതൊരു പ്രധാന ഘട്ടമത്രേ. ഇതു പദ്യമാക്കണം. ആ റിക്കാര്‍ഡ് ആലുവ അദ്വൈതാശ്രമത്തില്‍ സൂക്ഷിക്കണം' എന്നിങ്ങനെ നിര്‍ദ്ദേശിച്ചു. മാത്രമല്ല, ആശാനില്ലാത്തധൈര്യമാണ് മൂലൂര്‍ കാട്ടിയതെന്ന് പറഞ്ഞ് ശ്രീനാരായണ


ഗുരു മൂലൂരിനെ അഭിനന്ദിക്കുകയും ചെയ്തു. മതം മാറാവുന്നതാണെന്നും ജാതി ഒരിക്കലും മാറ്റാനാവാത്തതുമാണെന്നുമുളള ധാരണയെയാണ് ഗുരു ഇതിലൂടെ തിരുത്തുന്നത്.   

>> 'പരിശുദ്ധനായ ഈഴവന്‍'

ശ്രീനാരായണ ഗുരുവിന്‍റെ സാന്നിധ്യത്തില്‍ ജാതിമാറ്റത്തിലൂടെ ഈഴവനാക്കപ്പെട്ട കൃഷ്ണന്‍ വൈദ്യന്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പൂവത്തൂരില്‍ നിന്നും ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് തന്‍റെ വൈദ്യശാലയെ പറിച്ചു നട്ടു. ക്രമേണ അദ്ദേഹം വാഴപ്പളളിയില്‍ സ്ഥിര താമസവുമായി. ആ സമയത്ത് ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലേക്ക് ഒരു ഈഴവ മെമ്പറെ തെരഞ്ഞെടുക്കാനുളള അവസരം വന്നു. ചങ്ങനാശ്ശേരിയിലുളള ഈഴവര്‍ കൃഷ്ണന്‍ വൈദ്യന്‍റെ പേര് നിര്‍ദ്ദേശിച്ചു. തഹസ്സില്‍ദാര്‍ പൊതുജനാഭിപ്രായം ഹജൂറിലേക്കെഴുതി. ഇതറിഞ്ഞ സ്ഥാനമോഹികളായ ചിലര്‍ പരാതികളയച്ചും വക്കീലിനെ ഏര്‍പ്പെടുത്തിയും തടസങ്ങള്‍ ഉണ്ടാക്കി. കൃഷ്ണന്‍ വക്കീലിനെ ജാതിയുടെ പേരില്‍ ആക്ഷേപിക്കാനും ചിലര്‍ മുതിര്‍ന്നു. അദ്ദേഹം ഈഴവനല്ലെന്നും കണിക്കുറുപ്പനാണെന്നും അവര്‍ പ്രചരിപ്പിച്ചു.

മഹാകവി ഉളളൂരായിരുന്നു അന്നത്തെ ഹജൂര്‍ സെക്രട്ടറി. ഈഴവരുള്‍പ്പെട്ട കേസായതിനാല്‍ അദ്ദേഹം മൂലൂരിന്‍റെ അഭിപ്രായം തേടി. കഴിഞ്ഞുപോയ സംഭവങ്ങള്‍ മൂലൂര്‍ ഉളളൂരിനെ അറിയിച്ചു. ശ്രീനാരായണഗുരു അതീവ താല്പര്യമെടുത്താണ് വൈദ്യരെയും കൂട്ടരെയും ഒപ്പം ചേര്‍ത്തതെന്ന വസ്തുത അദ്ദേഹം ഉളളൂരിനോട് പറഞ്ഞു. ജാതി മാറ്റം സംബന്ധിച്ച് എന്തെങ്കിലും രേഖ കൃഷ്ണന്‍ വൈദ്യന്‍ സമര്‍പ്പിക്കേണ്ടിവരുമെന്ന് ഉളളൂര്‍ മൂലൂരിനോട് പറഞ്ഞു.


മൂലൂരിന്‍റെ മകന്‍ ഗംഗാധരന്‍ അന്ന് അദ്വൈതാശ്രമത്തില്‍ ശാസ്ത്രി ക്ലാസ്സില്‍ പഠിക്കുന്നുണ്ടായിരുന്നു. മകന്‍വഴി മൂലൂര്‍ കൃഷ്ണന്‍ വൈദ്യരുടെ ദുരനുഭവം സ്വാമിയെ അറിയിച്ചു. സ്ന്തോഷത്തോടെ ഗുരു 'ഈ കൃഷ്ണന്‍ വൈദ്യന്‍ ഒരു പരിശുദ്ധനായ ഈഴവനാണ്' എന്ന് സര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുത്തു. സര്‍ട്ടിഫിക്കറ്റ് കൈമാറുമ്പോള്‍, 'പരിശുദ്ധനായ ഈഴവന്‍ എന്നാല്‍ ചെത്താത്തവന്‍' എന്നാണര്‍ത്ഥമെന്ന് സ്വാമികള്‍ ഒപ്പമുണ്ടായിരുന്നവരോട് വിശദീകരിച്ചുകൊടുത്തു. ആ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കൃഷ്ണന്‍ വൈദ്യന്‍ ഈഴവ പ്രതിനിധിയായി വിജയിച്ചു. പിന്നീട് ഒരുതവണകൂടി അദ്ദേഹം മുനിപ്പാലിറ്റി മെമ്പറായി.

എന്തായാലും, പില്ക്കാലത്ത് വൈദ്യര്‍ ആഗ്രഹിച്ചതുപോലെ തന്‍റെകൂട്ടര്‍ക്ക് ഈഴവര്‍ക്കിടയില്‍ മാത്രമല്ല സമൂഹത്തിലും അംഗീകാരം ലഭിച്ചു. പരസ്പര വിവാഹത്തിലൂടെ അവര്‍ ഈഴവ സമുദായത്തിലഞ്ഞു ചേര്‍ന്നു.

 >> വൈദ്യരുടെ പിന്മുറക്കാര്‍

കൃഷ്ണൻ വൈദ്യര്‍ക്ക് രണ്ടുമക്കളായിരുന്നു. ഗൗരിയെന്ന മകളും ഗോപാലന്‍ എന്ന മകനും. ഗൗരിയെ ചങ്ങനാശ്ശേരി കൂട്ടുമ്മേൽ നാരായണനാണ് വിവാഹം കഴിച്ചത്. അവര്‍ക്ക് രണ്ടു പെണ്‍മക്കളാണ് ഉളളത് - ശാന്തയും രോഹിണിയും. ഗോപാലൻ പോലീസ് ഡിപ്പാര്‍ട്ട് മെന്‍റിലായിരുന്നു. ആലപ്പുഴ പുത്തൻപുരയ്ക്കൽ കുടുബാംഗമായ അരുന്ധതിയായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ. അവര്‍ക്ക് മൂന്ന് ആണ്‍മക്കള്‍. മൂത്ത മകന്‍ ഗുരുപ്രസാദ്. വൈദ്യരുടെ മൂന്നാം തലമുറയിലെ പിന്മുറക്കാരനാണ് ലാബ്ടെക്നീഷ്യനായ അദ്ദേഹം. ഗുരു പ്രസാദിന്‍റെ ഭാര്യ ഡോ ഗിരിജ. അവര്‍ക്കും ഗുരുവുമായി ബന്ധപ്പെട്ട പൂര്‍വ്വകഥയുടെ കെട്ടഴിക്കാനുണ്ട്. സ്വാമികള്‍ക്ക് ഒരേക്കര്‍ ഭൂമി ദാനം നല്‍കിയ മുണ്ടക്കയത്തെ കൊല്ലംപറമ്പില്‍ ചക്കിയമ്മയുടെ പിന്മുറക്കാരിയാണവര്‍.  

രണ്ടാമത്തെ മകന്‍ അശോകന്‍ കുടുബത്തോടൊപ്പം വൈക്കത്ത് താമസിക്കുന്നു. മൂന്നാമത്തെ മകന്‍ രാജീവ് മുണ്ടക്കയത്തുതന്നെയാണ് താമസം. അശോകനും രാജീവും മിലിറ്ററിയില്‍ ഉദ്യോഗസ്ഥരായിരുന്നു.

പിച്ചനാട്ട് കുറുപ്പന്മാരെ ഈഴവരാക്കിയ ചരിത്ര സംഭവത്തിന് കഴിഞ്ഞ ഇടവം 24ന് നൂറ്റിയൊന്നു വര്‍ഷം തികഞ്ഞു. ഗുരുവിന്‍റെ സര്‍ട്ടിഫിക്കറ്റിന് പ്രായം 100 ആയിരിക്കുന്നു.

.....................................................




ഹരികുമാര്‍ ഇളയിടത്ത് | 9447304886


Sunday, October 17, 2021

ശബരിമലയുടെ കാണാപ്പുറങ്ങള്‍

 വി. ടി. ഇന്ദുചൂഡൻ കണ്ട ശബരിമല 

>> സാജു ചേലങ്ങാട് 


 
ആദ്യകാല കമ്യൂണിസ്റ്റും ദേശാഭിമാനിയുടെ ദീർഘകാലം പത്രാധിപരുമായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രപഠനങ്ങളും അതിനെ അധികരിച്ചുള്ള ഈടുറ്റ ലേഖനങ്ങളും പല ധാരണകളെയും മാറ്റിമറിക്കുകയും അജ്ഞതയിൽ പുതഞ്ഞു കിടന്ന സത്യങ്ങളെ മണ്ണ് നീക്കി പുറത്ത് കൊണ്ടു വരുന്നതുമായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ശബരിമലയെപ്പറ്റിയുള്ള പര്യവേഷണവും കണ്ടെത്തലുകളും

ബുദ്ധമത കേന്ദ്രമായിരുന്നു ശബരിമല എന്ന വാദത്തെ തെളിവുകൾ നിരത്തി പൂർണമായി നിരാകരിക്കുകയാണ് അദ്ദേഹം. ശാസ്താവും ബുദ്ധനും പര്യായങ്ങളാണെന്നതും ശരണം വിളിയും മാത്രം കണക്കാക്കി ഇത് ബുദ്ധ ക്ഷേത്രമാണെന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു. അയ്യപ്പന്റെ വിഗ്രഹവും ബുദ്ധനുമായി യാതൊരു സാമ്യവുമില്ല. ബുദ്ധമത കേന്ദ്രമാണെന്ന് പറയാനുള്ള ഒന്നും ഈ ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടില്ല. 

പമ്പ മുതൽ സന്നിധാനം വരെ എത്രയോ നിർമാണ പ്രവർത്തനങ്ങൾക്ക് സ്ഥലങ്ങൾ കുഴിച്ചിട്ടുണ്ട്. ബുദ്ധമതത്തിന്റേത് എന്ന് പറയാൻ കഴിയുന്ന ഒരു രൂപ തുട്ടിന്റെ വലിപ്പമുള്ള ഒരു തെളിവും പോലും ഇതുവരെ കിട്ടിയിട്ടില്ല. 

പ്രാചീന കാലത്ത് ബൗദ്ധന്മാർ ഹിന്ദു ദേവി ദേവൻമാരെ വണങ്ങുമായിരുന്നു. ചിലപ്പതികാരത്തിൽ ഇതിന് തെളിവുകളുണ്ട്. കണ്ണകിയും കോവലനും ചോഴ തലസ്ഥാനമായ പുകയാറിൽ നിന്ന് യാത്ര പുറപ്പെടും മുൻപ് ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തിൽപ്പോയി ഭഗവാനെ വലം വെച്ചത് ഒരു തെളിവ്. ചേര ചക്രവർത്തിയായിരുന്ന ചേരൻ ചെങ്കുട്ടവൻ ഹിമാലയത്തിലേക്ക് പോകും മുൻപ് ഒരു ശിവക്ഷേത്രത്തിൽ ദർശനം നടത്തിയതും ഒരു വിഷ്ണു ക്ഷേത്രത്തിൽ പൂജ കഴിച്ചതും രണ്ടാമത്തെ തെളിവ്. അക്കാലത്ത് ഹിന്ദു ബൗദ്ധ ആരാധനകൾ പരസ്പരം ഇടകലർന്നിരുന്നു എന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാൻ.
ചിലപ്പതികാരത്തിന്റെ രചയിതാവ് ഇളങ്കോ അടികൾ ബുദ്ധസന്യാസി ആയിരുന്നു. 

ശബരിമലയുടെ ചരിത്രത്തിലേയ്ക്ക്

പൗരാണിക കാലത്ത് അയിരമലയെന്നായിരുന്നു ശബരിമലയുടെ പേര്. കുരുവൈയൂർ സംസ്കൃതവൽക്കരിക്കപ്പെട്ട് ഗുരുവായൂർ ആയതു പോലേ  അയിരമലയ്ക്ക് സംസ്കൃത ഛായ പകർന്നപ്പോൾ ശഫരിയും പിന്നെ ശബരിയുമായി. ശബരി എന്ന സാംബവ ഭക്ത ഇവിടെ കണ്ണാടി പ്രതിഷ്ഠിച്ച് ആശ്രമം സ്ഥാപിചതും പേരു മാറ്റത്തിന് ആക്കം കൂട്ടി. എ.ഡി.1794 ൽ തിരുവിതാംകൂർ മഹാരാജാവിന് പന്തളത്ത് തമ്പുരാക്കൻമാർ എഴുതിക്കൊടുത്ത ആധാരത്തിൽ ശബരിമലയാണ്. തിരുവിതാംകൂറിന്റെ നിയന്ത്രണത്തിൽ ശബരിമല വരുന്നത് ഈ വർഷമാണ്. ഇതേ വർഷത്തിൽ തിരുവിതാംകൂർ രാജാവ് പുറപ്പെടുവിച്ച തീട്ടൂരത്തിൽ ശവരി മലയാണ്. തിരുവിതാംകൂറിന് വിട്ടു കൊടുക്കും മുൻപ് പന്തളം രാജാവ് ശബരിമലയിലെ നടവരവ് എടുക്കാൻ കുണ്ടയിലാറ്റ് കണക്ക് നാരായണൻ കാളിയന് അനുവാദം നൽകിയിരുന്നു. ട്രാവൻകൂർ മാന്വലിൽ ഇത് ചേർത്തല കുണ്ടയിലാറ്റ് കുടുംബത്തിലെകാളിയൻ മല്ലൻ എന്ന കൊങ്കണി ജൻമിയാണ്. പന്തളം രാജാക്കൻമാരുടെ എഴുത്തുകുത്തുകളിലെ സ്ഥാനപ്പേര് അയിരൂർ ശ്രീ വീര ശ്രീധര കോവിലധികാരികൾ എന്നായിരുന്നു. പന്തളം രാജാവ് കോവിലിനധികാരിയായിരുന്നുവെന്ന് ഇതിൽ നിന്ന് സ്പഷ്ടം.

അയിരൂർ രാജവംശം 

പാണ്ഡ്യദേശത്ത് നിന്ന് വന്നവരായിരുന്നു പന്തളം രാജവംശമെന്നാണ് കോവിലകം ഗ്രന്ഥാവലികൾ ഉദ്ധരിച്ച് ചരിത്രകാരൻമാരായ ശങ്കുണ്ണി മേനോന്റേയും കെ.പി. പത്മനാഭമേനോന്റേയും അഭിപ്രായം. വേണാട് രാജവംശവുമായി ഇവർക്ക് വൈവാഹിക ബന്ധമുണ്ടായിരുന്നു. പാണ്ഡ്യ രാജ്യത്ത് മറവപ്പടയുടെ ആക്രമണം രൂക്ഷമായപ്പോൾ ഇവർ പടിഞ്ഞാറോട്ട് വന്ന് അച്ചൻകോവിൽ, കോന്നിയൂർ, പന്തളം എന്നിവിടങ്ങളിൽ താമസമാക്കി. സ്ത്രീകൾ പന്തളത്തും കോന്നിയൂരിലും പുരുഷൻമാർ അച്ചൻകോവിലിലുമാണ് വാസമുറപ്പിച്ചത്. പാണ്ഡ്യ രാജ്യത്തെ സ്വത്തുവകകൾ അച്ചൻകോവിലിലിരുന്നവർ നോക്കിനടത്തി. എ.ഡി.1170 ൽ മറവപ്പട പന്തളം ആക്രമിച്ച് രാജാവിനെ വധിച്ചു. അതോടെ പാണ്ഡ്യ രാജ്യവുമായുളള ബന്ധം മുറിഞ്ഞു. 

പന്തളം രാജവംശം മലയാള മണ്ണിലേക്ക് കുടിയേറുമ്പോൾ അയിരൂർ രാജവംശമായിരുന്നു നാടുവാഴികൾ. ശബരിമലയ്ക്ക് പടിഞ്ഞാറ്, കോട്ടയത്തിന് തെക്ക് കിഴക്ക് പമ്പയുടെ തീരത്തായിരുന്നു ഇവരുടെ കൊട്ടാരം. പത്തനംതിട്ട ജില്ലയിലെ അയിരൂർ ആകണം ഈ സ്ഥലം. കൂടൽമാണിക്യ ക്ഷേത്രത്തിൽ ഈ രാജവംശത്തിന് മേൽക്കോയ്മ സ്ഥാനമുണ്ടായിരുവെന്ന് ഇവിടെ നിന്ന് ലഭിച്ച ചില താളിയോലകളെ അടിസ്ഥാനമാക്കി പ്രഫ: കെ. രാമപിഷാരടി കണ്ടെത്തിയിരുന്നു. ഈ ക്ഷേത്രത്തിലെ ഒരു ശിലാശാസനത്തിൽ  കോതഭാസ്കരനംപിരിനാർ തിരുവടി എന്ന ഭരണാധികാരി അയിരക്കര കുമരൻകോത, അയിരക്കര കോതകുമരൻ എന്നിവർക്ക് കൂടൽമാണിക്യ ക്ഷേത്രത്തിലെ കാരാൺമ അവകാശം എഴുതിക്കൊടുത്തുവെന്ന് പറയുന്നുണ്ട്. ഇങ്ങനെയാണ് അയിരൂർ രാജവംശത്തിന് കൂടൽമാണിക്യ ക്ഷേത്രത്തിൽ അവകാശമുണ്ടായത്. തൃക്കണാമതിലകം ഊരാൺമക്കാരും കൂടൽമാണിക്യ ഊരാൺമക്കാരും തമ്മിൽ തർക്കമുണ്ടായപ്പോൾ തൃക്കണാമതിലകത്തുകാരോടൊപ്പം അയിരൂർ രാജാവ് നിന്നു. കൂടൽമാണിക്യത്തിലെ അവരുടെ അവകാശം അതോടെ നഷ്ടമായി. ഒടുവിൽ സന്തതി പരമ്പരകളില്ലാതെ അയിരൂർ രാജവംശം അന്യം നിൽക്കുന്ന അവസ്ഥയിലായി. ഏതാനും വൃദ്ധർ മാത്രമായപ്പോൾ അവരും സ്വത്തുവകകളും പന്തളം രാജവംശത്തിൽ ലയിച്ചു. അതുവഴി പന്തളം രാജാക്കൻമാർക്ക് ശ്രീ വീര ശ്രീധര കോവിലധികാരികൾ എന്ന സ്ഥാനവും ശബരിമലയിലെ ഊരാൺമയും ലഭിച്ചു. കൊടുങ്ങല്ലൂരിന് വടക്ക് അയിരൂർ കോവിലകമുണ്ടായിരുന്നു. ചേര രാജവംശവുമായി ബന്ധമുള്ളതിനാലാണ് ഇത് അവിടെ വന്നത്.

അയിരമലയിലെ പ്രതിഷ്ഠ

സംഘകാല കൃതികളായ ചിലപ്പതികാരത്തിലും പതിറ്റിപ്പത്തിലും അയിരമല ക്ഷേത്രത്തിലെ പ്രതിഷ്ഠയെപ്പറ്റി പരാമർശങ്ങളുണ്ട്. ചേരരാജാക്കൻമാരുടെ ഇഷ്ടദേവതയായിരുന്നു ഈ പ്രതിഷ്ഠ. ചിലപ്പതികാരത്തിലെ ചില വരികളിൽ അയിരമലയിലെ പ്രതിഷ്ഠയെ ആരാധിക്കുന്നവനെന്ന് ചേര രാജാവിനെ വിശേഷിപ്പിക്കുന്നുണ്ട്. 

കൊച്ചിയിലേയും തിരുവിതാംകൂറിലേയും ചില തമ്പുരാക്കൻമാരെ കാശിക്കു പോയ തമ്പുരാൻ, കാശിയിൽ തീപ്പെട്ട തമ്പുരാൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പോലെ..

മറ്റൊരു സംഘകാല കൃതിയായ നടുകർ ഗാഥയിലും അയിരമലയിൽ ആരാധനയ്ക്കു പോയ ചേര രാജാക്കൻമാരെപറ്റി വർണനകളുണ്ട്. അക്കാലത്ത് അയിരമലയിൽ ആരാധനയ്ക്ക് പോകുന്നത് വലിയ വീരകൃത്യമായിരുന്നുവെന്ന് വേണം ഇതിൽ നിന്ന് അനുമാനിക്കാൻ. വന്യമൃഗങ്ങൾ ധാരാളമുള്ള ഇവിടെ ആരാധനയ്ക്ക് പോകുക അതി സാഹസിക പ്രവൃത്തിയായിരുന്നു. അരനൂറ്റാണ്ട് മുൻപ് വരെയുണ്ടായിരുന്ന ശബരിമല തീർത്ഥാടനത്തിലെ ദുർഘടാവസ്ഥ പലർക്കുമറിയാം. അപ്പോൾ പതിനഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപുള്ള അവസ്ഥ ഭാവനാതീതമാണ്.

അന്ന് അയിരമലയിലെ പ്രതിഷ്ഠ കൊറ്റവെ എന്ന ദേവിയായിരുന്നുവെന്ന് ചിലപ്പതികാരത്തിന്റെ ആദ്യകാല വ്യാഖ്യാതക്കളായ അടിയാർക്കു നെല്ലാരും അരുപദ ഉരയാചരിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഭദ്രകാളിയാണ് കൊറ്റവെ. പാണ്ഡി നാടിന്റേയും മലയാള ദേശത്തിന്റെയും കാവൽ ദേവതയായ കൊറ്റവെയെ മണികണ്ഠൻ എന്ന യോദ്ധാവാണ് പ്രതിഷ്ഠിച്ച് ആരാധിച്ചത്. ശാക്തേയ രീതിയിലെ കാളിആരാധന യോദ്ധാക്കൾക്ക് നിർബന്ധമായിരുന്നു. ശൈവ രീതിയിലാണ് ആരാധന. ഉപാസകനായ മണികണ്ഠൻ പിന്നീട് ശൈവചൈതന്യത്തിൽ ലയിച്ചു. അതിനും കുറെക്കാലം കഴിഞ്ഞാണ് അയിരമലയുടെ സംസ്കൃത വൽക്കരണമാരംഭിച്ചത്.

ക്രിസ്തുവർഷാരംഭത്തിന് വളരെ മുൻപ് തന്നെ ചേരരാജ്യവും മധുര ആസ്ഥാനമായ പാണ്ഡ്യ രാജ്യവും തമ്മിൽ ശക്തമായ വാണിജ്യ ബന്ധമുണ്ടായിരുന്നു. പെരിയാർ തീരത്തുകൂടിയുള്ള കാനന പാതയിലൂടെ ആയിരുന്നു ചരക്കു നീക്കം. ഇവിടങ്ങളിൽ നിന്ന് പ്രാചീന റോമൻ നാണയങ്ങൾ ഇടയ്ക്കിടെ ലഭിക്കാറുണ്ട്. കവർച്ചക്കാരെ ഭയന്ന് കച്ചവടക്കാർ കുഴിച്ചിട്ടതാകാം ഇതെന്ന് കരുതുന്നു. ഈ പാതയിൽ നിന്ന് വലിയ അകലമില്ല അയിരമലയിലെ ക്ഷേത്രത്തിന്. അതുകൊണ്ട് ഇവിടെ ചേര രാജാക്കൻമാർ ആരാധനയ്ക്ക് എത്തുക സ്വാഭാവികമാണ്.

............................................

മാധ്യമപ്രവര്‍ത്തകന്‍ സാജു ചേലങ്ങാട് ഫേസ്ബുക്കില്‍ എഴുതിയത്

Monday, June 14, 2021

പ്രവചനം സത്യമാകുമോ.?


'സിപിഎം മന്ത്രിമാർ മരണപ്പെടും. വലിയ തോതിൽ പ്രകൃതി ദുരന്തം ഉണ്ടാകും'


ഇന്നത്തെ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രത്തിൽ 'വേൾഡ് മാറ്റേഴ്സ്' എന്ന് പേരായ ഒരു പംക്തി എഴുതുന്ന ഒരു ജോതിഷക്കാരനുണ്ട്. 'ജൂപ്പിറ്റർ അസ്ട്രോളജീസി'ന്റെ എംഡിയായ  സുന്ദർ ബാലകൃഷ്ണൻ. അദ്ദേഹം വിചിത്രമായ ഒരു പ്രവചനം നടത്തിയിരിക്കുന്നു. 

കേരളത്തിലെ 2021ലെ ഇടതുപക്ഷ മന്ത്രിസഭയെ കുറിച്ചാണ് പ്രവചനം.

1. 2022 ഒക്റ്റോബറിനും 2023 ജൂലൈക്കും ഇടയിൽ വലിയ ഒരു പ്രകൃതി ദുരന്തം സംഭവിക്കാനിടയുണ്ട്.
2. 2023 മാർച്ചിനും - ജൂണിനും ഇടയില്‍ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകും.
3.   2023 ആഗസ്റ്റിനും 2024 ജനുവരിയ്ക്കും ഇടയില്‍ മന്ത്രിസഭയിലെ ഒരു പ്രമുഖൻ മരണപ്പെടും. അത് സീനിയർ മന്ത്രി എന്നാണ് പറയുന്നത്. നമ്മുടെ സിഎം പിണറായി വിജയൻ സാറിന്റെ ആരോഗ്യം വളരെ വളരെ മോശമാകും.
4. 2024- ഫെബ്രുവരിയ്ക്കും 2024 -മേയ് മാസത്തിനും ഇടയിൽ സിപിഎം എന്ന പാർട്ടി പിളരും. അല്ലങ്കിൽ സംഘടനാ പ്രശ്നം വളരെ രൂക്ഷമാകും.
5.  2024 ജൂണിൽ വലിയ ഒരു അഴിമതി 
ഗവൺമെന്റിനെ പിടിച്ച് ഉലയ്ക്കും.

ഇനി, ഇതിന് മുൻപ് ഇദ്ദേഹം നടത്തിയ പ്രവചനം എന്താണന്നോ? 

കേരളത്തില്‍ ഇടതുപക്ഷം 100 നടുത്ത് സീറ്റുകളായി അധികാരത്തിൽ വരും. ബംഗാളിൽ മമത മൃഗീയ ഭൂരിപക്ഷം നേടും. ഡൊണാള്‍ഡ് ട്രമ്പ് അധികാരത്തിൽ നിന്നും പുറത്താകും.


ഈ പ്രവചനം തെറ്റാകട്ടെ, ശരിയാകട്ടെ. ഇങ്ങനെ ഒരു പ്രവചനം ഉണ്ടെന്ന് നിങ്ങളെ അറിയിച്ചു എന്നു മാത്രം.


 

Tuesday, January 12, 2021

Leaf Wings | Page Launching


ലീഫ് വിംഗ്സ് യൂട്യൂബ് ചാനല്‍ പേജും ബാനര്‍ ലോഞ്ചിംഗും കായംകുളം എഎല്‍എ യു. പ്രതിഭ നിര്‍വഹിച്ചു. 



കായംകുളം: നൂറു ചരിത്ര പുസ്തകങ്ങൾ വായിക്കുന്നതിന് തുല്ല്യമാണ് ഒരു ചരിത്ര സ്മാരകം തേടിയുള്ള യാത്രയെന്ന് യു. പ്രതിഭ എംഎല്‍എ പറഞ്ഞു. 

നാടിന്‍റെ ചരിത്രവും സംസ്കാരവും പൈതൃകവും കലയും രുചിയറിവുകളും തേടിയുളള യാത്രകളുടെ ആവിഷ്കാരമായ ലീഫ് വിംഗ്സ് ചാനലിന്‍റെ ഫേസ്ബുക്ക് പേജും ബാനര്‍ ലോഞ്ചിംഗും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

കൊഴിഞ്ഞു പോയ കാലത്തിനെ കെട്ടുകഥകളുടെയും ഐതീഹ്യങ്ങളുടേയും കടുത്ത ചായക്കൂട്ടുകളിൽ നിന്നും വേര്‍തിരിച്ചറിയാൻ ഇത്തരം യാത്രകള്‍ സഹായകമാകും. തനത് കലാരൂപങ്ങളേ കണ്ടറിയാനും, മഹാരഥൻമാരുടെ കാൽപാടുകളേ പിൻതുടരാനും വരും തലമുറക്ക് വഴികാട്ടിയാകാനും യാത്രികര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അല്‍ബറൂനി, പെരിപ്ലസ് തുടങ്ങി നൂറുകണക്കിനുളള യാത്രികരുടെ സഞ്ചാരക്കുറിപ്പുകളാണ് നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ആവോളം അറിവുകള്‍ പകര്‍ന്ന് നല്‍കിയത് - അവര്‍ പറഞ്ഞു.

അഡ്വ. ഒ ഹാരിസ്, അഡ്വ അമല്‍ രാജ്, കര്‍ണ്ണന്‍ പി, അനീഷ് മോഹന്‍ തമ്പി, ശ്രീജിത് ജി നായര്‍, ഹരികുമാര്‍ ഇളയിടത്ത് വിവിധകലാലയങ്ങളിലെ വിദ്ധ്യാര്‍ത്ഥികളായ പാര്‍വ്വതി, ഹര്‍ഷ, ലക്ഷ്മി, അര്‍ജ്ജുന്‍ എന്നിവര്‍ പങ്കെടുത്തു.

Monday, January 11, 2021

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ | 196

 

ആറാട്ടുപുഴ വേലായുധപ്പണിക്കരെ സര്‍ക്കാര്‍ നിഷ്കരുണം അവഗണിക്കുന്നന്ന് സെമിനാറില്‍ വിമര്‍ശനം

കായംകുളം: നവോത്ഥാന നായകരെക്കുറിച്ച് ആവേശം കൊളളുകയും അവശജനതയെക്കുറിച്ച് വാതോരാതെ പറയുകയും ചെയ്യുന്ന ഭരണാധികാരികള്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ നിഷ്കരുണം അവഗണിക്കുകയാണെന്ന് സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 196-ാം ജയന്തിയോടനുബന്ധിച്ച്, 'കേരള നവോത്ഥാനത്തില്‍ വേലായുധപ്പണിക്കരുടെ സ്ഥാനം' എന്നവിഷയത്തില്‍ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ വീടായ എരുവ കുറ്റിത്തറയില്‍ നടന്ന ചരിത്ര സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

ബജറ്റില്‍ ഒരുകോടി രൂപ അനുവദിച്ചതായി പത്ര പ്രസ്താവന വന്നതല്ലാതെ നാളിതുവരെ   മേല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. കേരളത്തിലെ വിദ്യാര്‍ത്ഥികളെ അദ്ദേഹത്തിന്‍റെ ത്യാഗോജ്വലമായ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ വേണ്ടി സിലബസില്‍ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുളള നടപടികള്‍ ഇതേവരെ എടുത്തിട്ടില്ല. നശിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്‍റെ ആറാട്ടുപുഴയിലെ തറവാട്ട് വീട് ഏറ്റെടുത്തു സംരക്ഷിക്കുന്നതുള്‍പ്പെടെയുളള കാര്യത്തില്‍ നിസ്സംഗത തുടരുന്നു. കേരളത്തിലാദ്യമായി കാര്‍ഷിക പണിമുടക്ക് വിജയകരമായി നടന്ന പത്തിയൂരില്‍ അദ്ദേഹത്തിന്  ഉചിതമായ സ്മാരകം വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യവും പരിഗണിക്കപ്പെടുന്നില്ല- സെമിനാര്‍ കുറ്റപ്പെടുത്തി.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ബാലചന്ദ്രപ്പണിക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൈനകരി വിക്രമന്‍ മുഖ്യപ്രഭാഷണം നടത്തി. എരുവ പ്രഭാഷ് പ്രമേയം അവതരിപ്പിച്ചു. 

ജീവചരിത്രങ്ങളിലെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന വിഷയത്തില്‍ സുരേഷ് എസ്പിഎല്‍, മധ്യതിരുവിതാംകൂറിലെ സാമൂഹിക പ്രക്ഷോഭങ്ങള്‍ എന്ന വിഷയത്തില്‍ സുരേഷ് വര്‍ക്കല, വിഷ്ണു അശോക് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡി അശ്വനീദേവ്, മുരളീധരന്‍ വി, രാജേന്ദ്രന്‍ കെ, ഷനൂജ്, ആദര്‍ശ് ഗോപിനാഥ്, ഹരികുമാര്‍ ഇളയിടത്ത്, പ്രൊഫ. ചന്ദ്രസേനന്‍ എന്നിവര്‍ സംസാരിച്ചു.

Monday, November 16, 2020

സാംസ്കാരികം

എരുവ നളന്ദ ഗ്രാമീണ ലൈബ്രറിക്ക് പിന്തുണയേറുന്നു, പുസ്തകങ്ങളുമായി സാംസ്കാരിക നായകർ

പത്തിയൂർ: എരുവ നളന്ദ കലാസാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വായനശാലയിലേക്ക് നൂറു ദിനങ്ങൾ നീണ്ടു നിൽക്കുന്ന പുസ്തക സമാഹരണ യജ്ഞം പരിപാടിയിൽ പ്രമുഖർ പങ്കാളിയാകുന്നു. തിരക്കഥാകൃത്തുക്കളും എഴുത്തുകാരുമായ പിഎഫ് മാത്യൂസ്, സന്തോഷ് ഏച്ചിക്കാനം, ചെറുകഥാകൃത്ത് സോക്രട്ടീസ് കെ വാലത്ത്, മലയാളം സർവ്വകലാശാലയിലെ ഡോ. അശോക് ഡിക്രൂസ്, കാലടി സർവ്വകലാലയിലെ ഡോ. അജയ് ശേഖർ, ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജ്് മലയാളം വിഭാഗം അദ്ധ്യക്ഷ ഡോ. ബെറ്റിമോൾ മാത്യു, ശ്രീകുമാരി രാമചന്ദ്രൻ തുടങ്ങി എഴുപതോളം വ്യക്തികളും സംഘടനകളും ഇതിനകം പദ്ധതിക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞു. പലരും നേരിട്ടും തപാൽ വഴിയും പുസ്തകം എത്തിച്ചു കൊണ്ടിരിക്കുന്നു.

       പി എഫ് മാത്യൂസ്

കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം ആർട്ടിസ്റ്റ് ബാലമുരളീകൃഷ്ണൻ, കേരള ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോപി ബുധനൂർ തുടങ്ങിയവർ പുസ്തകം കൈമാറി പുസ്തക സമാഹരണ യജ്ഞത്തിൽ പങ്കാളികളായി. നോവലിസ്റ്റ് ശോഭന രാജേന്ദ്രൻ സ്വന്തം കൃതികൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. ഡിസി ബുക്സ് പുസ്തക വിതരണക്കാരൻ ആഞ്ഞിലിപ്ര പി ശ്രീകുമാർ ഇരുപതോളം പുസ്തകം നളന്ദ രക്ഷാധികാരി സദാശിവൻ പിളളയ്ക്ക് കൈമാറി. യുവ എഴുത്തുകാരായ സുമോദ് പരുമല, സന്ധ്യ സുമോദ് എന്നിവർ ഇരുപത്തഞ്ചോളം പുസ്തകം സംഭാവന ചെയ്തു. 


കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി പത്തിയൂർ എരുവ കേന്ദ്രീകരിച്ച് ഗ്രാമതലത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക സംഘടനയാണ് നളന്ദ. കുസൃതിക്കൊട്ടാരം, നാകോത്സവം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. പഞ്ചായത്തിൽ ഒപ്പം പ്രവർത്തനം ആരംഭിച്ച നിരവധി സാംസ്കാരിക സംഘടനകളും ക്ലബ്ബുകളും മണ്ണടിഞ്ഞിട്ടും പൊതുരംഗത്ത് സജീവമായി നിലനിൽക്കുന്നുവെന്നത് നളന്ദയെ പുതു തലമുറക്കും പ്രിയങ്കരമാക്കുന്നു.

യുവകവി സുമോദ് പരുമല, ഭാര്യ സന്ധ്യ സുമോദ് എന്നിവരിൽ നിന്നും നളന്ദ രക്ഷാധികാരി സദാശിവൻ പിളള പുസ്തകം ഏറ്റുവാങ്ങുന്നു


പങ്കാളികളാകാൻ കഴിയുന്നവർ അറിയിക്കുക.

9895981501, 9349460832, 9846041114

Thursday, October 15, 2020

തോമാശ്ലീഹ | marthoma

 

'മാർതോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ല'

തിരുവങ്ങാട് സി കൃഷ്ണക്കുറുപ്പ് എഴുതിയ പുസ്തകത്തിൻ്റെ രണ്ടാം അദ്ധ്യായം











Wednesday, October 14, 2020

പ്രഭാഷണം | M K Raghavan

ശ്രീനാരായണഗുരു ഷഷ്ട്യബ്ദപൂർത്തി സ്മാരകമന്ദിര ശിലാസ്ഥാപനത്തിൻ്റ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ യോഗം പ്രസിഡൻ്റ് എംകെ രാഘവൻ നടത്തിയ അദ്ധ്യക്ഷ പ്രഭാഷണം.  

     








Saturday, October 3, 2020

ചരിത്ര വിമർശം

അന്യായം കാട്ടുന്ന 'നാട്ടറിവ് അജു നാരായണന്‍'
• 

ഡോ കാനം ശങ്കരപ്പിളള

| പ്രാദേശിക ചരിത്രാന്വേഷണങ്ങളിലൂടെ കേരളചരിത്ര നിര്‍മ്മിതി ഒരു 'അന്യായ'മായി മാറുന്നു |

'കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍', 'കേരളത്തിലെ പ്രാദേശിക ചരിത്രാന്വേഷണങ്ങളുടെ ആദ്യ സമാഹാരം' എന്ന പേരില്‍ ഡോ. എന്‍എം നമ്പൂതിരിയും പികെ ശിവദാസും ചേര്‍ന്ന് എഡിറ്റ്‌ ചെയ്ത 654 പേജും 475 രൂപാ വിലയുമുള്ള, ഡിസി ബുക്സ് പ്രസിദ്ധീകരണം പുറത്തിക്കിയത് 2009 ഏപ്രിലില്‍.

2015 സെപ്തംബറില്‍ പുറത്തിറക്കിയ രണ്ടാം പതിപ്പ് ആണ് ഇപ്പോള്‍ എന്റെ വായനയില്‍. തികച്ചും വ്യത്യസ്ഥമായ ഒരു കേരള ചരിത്രം. നമ്പൂതിരിയും ദാസും ചരിത്ര കുതുകികളുടെ അഭിനന്ദനം അര്‍ഹിക്കുന്നു.

മുമ്പേ നടന്നവര്‍, ബ്രാഹ്മണ വഴി, കുടുംബവഴി, ക്രിസ്ത്യന്‍ വഴി, ഇസ്ലാം വഴി, ബൌദ്ധ - ജൈന വഴികള്‍, ഗോത്രവഴി, പെൺ വഴി, സ്വരൂപവഴി, നാട്ടുവഴി, പ്രകൃതി വഴി, ദേശവഴി, പുതുവഴി എന്നിങ്ങനെ വിവിധ 'വഴി' അദ്ധ്യായങ്ങള്‍. അതിലെല്ലാം വിവിധ ലേഖനങ്ങള്‍. പലതും മുമ്പ് പലയിടത്തായി പ്രസിദ്ധീകരിച്ചവ. ചിലത് മുമ്പ് വായിച്ചവ. പിന്നെ അനുബന്ധം / നിളയുടെ പൈതൃകം,  ഇരിങ്ങല്‍ അംശം, മാമാങ്കം എന്നിങ്ങനെ അതില്‍ പലതും വായിക്കാം .

പി ഗോവിന്ദപ്പിള്ളയുടെ അവതാരിക. മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ ലേഖകര്‍. പിവി കൃഷ്ണന്‍ നായര്‍, ഉള്ളൂര്‍ തുടങ്ങി, രാജന്‍ ചുങ്കത്ത്, സിജി ജയപാല്‍ വരെയുള്ള ലേഖകര്‍ .

പലരെയും മുമ്പ് വായിച്ചിട്ടുണ്ട് ചിലര്‍ പുതുമുഖങ്ങള്‍. ആകെക്കൂടി വളരെ വിജ്ഞാനപ്രദമായ വായനാനുഭവം.

ബുദ്ധ-ജൈന മതങ്ങളെക്കുറിച്ചു അജു നാരായണന്‍ എഴുതിയ ലേഖനം ആണ് ആദ്യം വായിക്കാനെടുത്തത് (260-276).

'വണികര്‍, വൈശ്യര്‍, ചാന്റോര്‍, വില്ലവര്‍ എന്നിവരെ ചേര രാജാക്കന്മാര്‍ പ്രത്യേകം സംരക്ഷിച്ചിരുന്നു എന്നും ഈ ജനവിഭാഗങ്ങളില്‍ അധികവും ഈഴവ സമുദായത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നു കരുതാന്‍ ന്യായമുണ്ടെന്നും' അജു നാരായണന്‍.

പക്ഷെ എന്ത് 'ന്യായം' എന്ന് വിശദമാക്കാന്‍ ചരിത്രകാരന്‍ കൂട്ടാക്കാതെ പാവം വായനക്കാരെ നിരാശരാക്കുന്നു. ചാന്റോര്‍, വില്ലവര്‍ എന്നിവര്‍ ഈഴവരായി എന്ന് പി.കെ ബാലകൃഷ്ണനും ഡോ. പികെ ഗോപാലകൃഷ്ണനും എഴുതിയുട്ടുണ്ട് എന്നാണോര്‍മ്മ.

വില്ലവര്‍, ചാന്റോര്‍ എന്നിവര്‍ നാടാന്മാരായി എന്ന് നാടാര്‍ ചരിത്രകാരന്‍ പ്രൊഫസ്സര്‍ കെ. രാമയ്യന്‍ എഴുതിയ വിവരം താഴെക്കൊടുക്കുന്നു. പക്ഷേ, അജു നാരായണന്‍ പറയുമ്പോലെ  വണികര്‍, വൈശ്യര്‍ എന്നിവര്‍, 'ഈഴവരുമായി അലിഞ്ഞു ചേര്‍ന്ന്' എന്നത്  ശരിയോ?എവിടെ നിന്ന് കിട്ടി ഈ വിവരം (ന്യായം) എന്നത് അജു നാരായണന്‍ മറച്ചു വയ്ക്കുന്നത് കഷ്ടം. ഇതുവരെ പുറത്തിറങ്ങിയ  ചരിത്ര ഗ്രന്ഥങ്ങള്‍, ശിലാശിലാരേഖകള്‍, പുരാവസ്തു ശേഖരം, നാട്ടറിവ്, വാമൊഴി വഴക്കം എന്നിവയില്‍  എവിടെ നിന്നാണാവോ ആ വക 'ന്യായം'?അതോ, വെറും കപോല കല്പിതവാദമോ?

പ്രിയ അജു നാരായണന്‍, 'ആ ന്യായം' ഒന്ന് വെളിപ്പെടുത്തുമോ?

• ഇനി ഒരു  'രഹസ്യ' ചരിത്രവിവരം

'നാടാര്‍ ചരിത്രരഹസ്യങ്ങള്‍' വെളിപ്പെടുത്തുന്ന പ്രൊഫസ്സര്‍ കെ രാജയ്യന്‍ (നാടാര്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ തിരുവനന്തപുരം, 2007)

എഴുതുന്നത്‌ കാണുക (പേജ് 16,17)

ഈഴത്തില്‍ നിന്നും തിരികെ വന്ന ഷാൻടോര്‍ ഈഴവരായി. ദ്വീപ് (തമിഴില്‍ തീവ്‌) കളില്‍ നിന്ന് തിരികെ വന്ന ഷാൻടോര്‍ തീയരായി. ഡോ. ശാരദാദേവി പറയുന്നത് ആദ്യകാലങ്ങളില്‍ ഈഴഷാന്‍ടോര്‍ എന്നറിയപ്പെട്ടവര്‍ പില്‍ക്കാലങ്ങളില്‍ ഈഴവര്‍ ആയി എഡ്ഗാര്‍ തേഴ്സ്റ്റന്‍ പറയുന്നത് (1906) 'ഷാന്റോര്‍ രണ്ടായി പിരിഞ്ഞു നാടാരും ഈഴവരും ആയി' എന്നാണ്.

ഈഴവര്‍ തെങ്ങ് ധാരാളമുള്ളയിടത്തും നാടാര്‍ പന കൂടുതല്‍ ഉള്ള ഇടത്തും താമസമാക്കി (പേജ് 17).

'ഉഴവര്‍' രണ്ടു തരം. 'കാര്‍' (മഴക്കാര്‍) മാത്രം ആശ്രയിച്ചു കൃഷിചെയ്യുന്ന 'കാരാളാര്‍'. ജലസേചന മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ച ഹൈ ടെക് കര്‍ഷകര്‍, വെള്ളം ആളുന്നവര്‍, 'വെള്ളാളര്‍'. പതിറ്റുപ്പത്തിന്റെ വ്യാഖ്യാതാവ് ഉഴവരെ വെള്ളാളര്‍ എന്നാണു പറഞ്ഞത്' (ശൂരനാട് കുഞ്ഞന്‍പിള്ള, കേരളവും വെള്ളാളരും, 'ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍', എഡിറ്റര്‍ വിആര്‍ പരമേശ്വരന്‍ പിള്ള, അഞ്ജലി പബ്ലിക്കേഷന്‍സ് പൊന്‍കുന്നം, 1987, പേജ് 75).

വെള്ളാളരില്‍ പലരും പില്‍ക്കാലത്ത് നായര്‍ (പട്ടാളത്തില്‍ ചേര്‍ന്നവര്‍ ) ആയി. ചിലര്‍ ക്രിസ്തുമതവും മറ്റു ചിലര്‍ ഇസ്ലാം മതവും സ്വീകരിച്ചു.

മാപ്പിളമാര്‍ (മാര്‍ഗ്ഗപ്പിള്ള) ആയി. അപൂര്‍വ്വം  പെന്തകോസ്തല്‍  (അമേരിക്കന്‍ ജോഷ്വാ പ്രോജക്റ്റ് വെബ്സൈറ്റ്  കാണുക)  മതവിശ്വാസവും  സ്വീകരിച്ചു എന്നത് ശരിയാണ്. ഈഴവരുമായി വിവാഹവും കഴിച്ചിട്ടുണ്ട്.

ഇപ്പോഴും, കഴിക്കുന്നു. തുടരും. അതെല്ലാം ശരി തന്നെ. എന്നാല്‍ അജു നാരായണന്‍ എഴുതുംപോലെ, 'ഉഴവര്‍' (നിലം ഉഴുന്നവര്‍ - കര്‍ഷകര്‍) ഒരുകാലത്തും ഈഴവര്‍ ആയി 'അലിഞ്ഞു' ചേര്‍ന്നിട്ടില്ല.

അതിനു 'ന്യായ'വും കാണുന്നില്ല. 'ഉ', 'ഈ' ആയില്ല, എന്ന് ചുരുക്കം. 'നാട്ടറിവ് അജു നാരായണന്‍' കാട്ടുന്നത് തികച്ചും  'അന്യായം'.

'വൈശ്യവിഭാഗങ്ങള്‍ കേരളത്തില്‍' (പേജ് 298-310) എന്ന ലേഖനം, ഈപി ഭാസ്കര ഗുപ്തന്‍ എഴുതിയ 'ദേശായനം' എന്ന ഗ്രാമചരിത്രത്തിന്റെ ഭാഗം എടുത്തു നല്‍കിയത്, ദേശായനം നേരത്തെ വായിച്ചിരുന്നു. ഭാസ്കരഗുപ്തനെ ഫോണിലൂടെ പരിചയപ്പെടുകയും ചെയ്തിരുന്നു. ഇന്നദ്ദേഹം ഇല്ല. പ്രവേശികയില്‍ എഡിറ്റര്‍ പറയുന്നു:  'കേരളത്തില്‍ വൈശ്യരില്ല എന്നാണു പൊതുവേ പറയുക (പേജ് 297)' എത്ര വിചിത്രം!

കൃഷി, ഗോരക്ഷ, വാണിജ്യം ഇവയാണല്ലോ വൈശ്യധര്‍മ്മം. അപ്പോള്‍ ഇവ ആര് നടത്തി എന്നവര്‍ വ്യക്തമാക്കുന്നില്ല. നാഞ്ചിനാട്ടില്‍ നെൽക്കൃഷി തുടങ്ങിയ, കലപ്പ കണ്ടു പിടിച്ച വെള്ളാളര്‍, വൈശ്യര്‍ അല്ലാതെ ആര്? 

വെള്ളാളരെ കേരളത്തില്‍ നിന്ന് മാത്രമല്ല, കേരള ചരിത്രത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ സംഘടിത ശ്രമം എംഎന്‍ ഗോവിന്ദന്‍ നായര്‍ക്കു മുമ്പേ (തെക്കന്‍ തിരുവിതാംകൂറിനെ വെട്ടിമുറിക്കും മുമ്പേ) തുടങ്ങിയിരുന്നു.

ഇന്നും അത് തുടര്‍ന്നു പോകുന്നു എന്നതിന് തെളിവാണ് ഈ പരാമര്‍ശം.

Thursday, October 1, 2020

വ്യക്തി | ഡോ. എസ്സ് എൻ സദാശിവൻ

 

ഡോ. എസ്സ് എൻ സദാശിവൻ - വ്യക്തിയും ജീവിതവും

എംസി നാരായണൻ മാവേലിക്കര ഉളുന്തി സ്വദേശിയായിരുന്നു. രണ്ടു തലമുറയ്ക്കുമുമ്പാണ് അദ്ദേഹവും കുടുംബക്കാരും കല്ലുമലയിലേക്ക് വന്ന് താമസമാകുന്നത്. അദ്ദേഹത്തിൻ്റെ സഹോദരിമാരും ബന്ധുക്കളും പരിസരപ്രദേശത്ത് താമസം ആരംഭിച്ചു.

ധനികനും പ്രമാണിയുമായിരുന്ന എംസി നാരായണൻ എംസിയെന്നപേരിലാണ് മാവേലിക്കരയിലറിയപ്പെട്ടിരുന്നത്. പൊതുരംഗത്തും അദ്ദേഹം ശോഭിച്ചു. കല്ലുമലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരൻ കൂടിയായിരുന്നു എംസി.

പാപ്പിയായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ. അവർക്ക് മുന്നു മക്കളായിരുന്നു. രണ്ടാൺമക്കളും ഒരുപെണ്ണും.


മൂത്തമകൻ ശിവാനന്ദൻ. രണ്ടാമൻ സദാശിവൻ. മകളുടെ പേര് സരസമ്മ. മൂന്നു പേരും മാവേലിക്കര ഗവ.ബോയ്സിലെ വിധ്യാർത്ഥികളായിരുന്നു.

സഹോദരന്മാരിൽ മൂത്തയാളായ ശിവാനന്ദൻ ഉപരിവിദ്യാഭ്യാസാനന്തരം വിദേശത്ത് ജോലിക്കായി പരിശ്രമിച്ചു. കുവൈറ്റിൽ അദ്ദേഹത്തിന് മികച്ച ജോലി ലഭിച്ചു. അക്കാലത്ത് അത് ഒരു വലിയ സംഭവമായിരുന്നു.


സദാശിവൻ്റെ ഇളയ സഹോദരി സരസമ്മ എസ്സെൻ കോളജിലെ ഉപരിപഠനാർത്ഥം കൊല്ലത്ത് താമസമാക്കി. അദ്ധ്യാപികയായി അവർക്ക് ജോലി ലഭിച്ചു. വിവാഹാനന്തരം അവർ കൊല്ലത്ത് തന്നെ താമസം തുടർന്നു.

സ്കൂൾ കാലത്ത് പഠനത്തിൽ അത്ര മികവുളള ആളായിരുന്നില്ല സദാശിവൻ. അക്കാലത്ത് പത്താം ക്ലാസ്സ് പാസ്സാകാൻ പതിനൊന്നു വർഷം പഠിക്കേണ്ടതുണ്ടായിരുന്നു. പരീക്ഷാ സമയത്തെ എന്തോ അച്ചടക്കമില്ലായ്മയുടെ പേരിൽ അദ്ദേഹത്തെ സ്കൂളിൽ നിന്നും  പുറത്താക്കിയിരുന്നു.

പഠനം മുടങ്ങി വീട്ടിൽ നിന്ന അദ്ദേഹത്തെ മൂത്ത ജ്യേഷ്ഠൻ ഇടപെട്ട് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മദ്രാസ്സിൽ കൊണ്ടുപോയി പഠിപ്പിച്ചു. അക്കാര്യത്തിൽ അച്ഛൻ്റെ നിർബന്ധവുമുണ്ടായിരുന്നു. തമിഴ്നാട്ടിലും കർണ്ണാടകയിലുമൊക്കെയായി വിദ്യാഭ്യാസം തുടർന്നു. പൂന സർവ്വകലാശാലയിൽ നിന്ന് ബി.എ. (ഹോണേഴ്സ്), ധനതത്വശാസ്ത്രത്തിൽ എം.എ., നിയമ ബിരുദം, ഡോക്റ്ററേറ്റ് എന്നിവ കരസ്ഥമാക്കി.

കേരളത്തിൽ പൊതുഭരണം പഠിപ്പിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ്റെ സ്ഥാപനത്തിനായി പ്രവർത്തിച്ചു. ഇന്ത്യയിലെ സിവിൽ സർവീസ് പഠനകേന്ദ്രങ്ങളായ ലാൽ ബഹാദൂർശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പ്രഫസറായി സേവനം അനുഷ്ഠിച്ചു.

കല്ലുമലയിലെ പഴയ ചന്തക്കടുത്ത് റോഡുവക്കിൽ ഇന്നു കാണുന്ന കുടുബവീട് പണികഴിപ്പിച്ചത് മൂത്ത മകൻ ശിവാനന്ദനാണ്. ശിവാനന്ദ മന്ദിരം എന്ന്  വീടിനു പേരിട്ടു. വായനശാലയിൽ എന്നു പറഞ്ഞാൽ മാത്രമേ ആളുകൾ ഇന്നും ആ വീടറിയൂ.

പുസ്‌തകങ്ങള്‍: A social History of India, River Disputes in India, Kerala Rivers Under Siege.