Monday, October 18, 2021

ലേഖനം | ഈഴവീകരണത്തിന് നൂറ്റാണ്ട്

ശ്രീനാരായണഗുരു എഴുതിയ ജാതി സര്‍ട്ടിഫിക്കറ്റിന് ശതാബ്ദി

>> ഹരികുമാര്‍ ഇളയിടത്ത് 

മതംമാറി ക്രൈസ്തവരാകാന്‍ ശ്രമിച്ച ഹിന്ദുക്കളിലെ കണിക്കുറുപ്പ് വിഭാഗത്തെ ശ്രീനാരായണഗുരു ഇടപെട്ട് ഈഴവ സമുദായമാക്കി ഒപ്പംചേര്‍ത്തു നിര്‍ത്തിയ ചരിത്ര സംഭവത്തിന് 1196 ഇടവം 24-ന് (2021 ജൂണ്‍ 7) നൂറ്റൊന്നു വര്‍ഷം തികഞ്ഞു. തുടര്‍ന്ന് അവരുടെ നേതൃത്വം വഹിച്ച കൃഷ്ണന്‍ വൈദ്യരെ യോഗ്യനായ ഈഴവനാക്കി ഗുരുദേവന്‍ എഴുതിയ സാക്ഷ്യപത്രത്തിന് ഈ കന്നി 19-ന് (2021 ഒക്ടോബര്‍ 5) നൂറുവര്‍ഷവും തികഞ്ഞു. 


ശ്രീനാരായണ ഗുരുവിനെ കേരള നവോത്ഥാനചരിത്രത്തിന്‍റെ അനിഷേധ്യനായ അമരക്കാരനായി അവരോധിച്ചത് സാമൂഹികാസമത്വങ്ങള്‍ക്കെതിരെ അദ്ദേഹം ഉണര്‍ത്തിവിട്ട സമരപരമ്പരകള്‍കൊണ്ടു മാത്രമല്ല, പ്രത്യുത, സാമൂഹികമായി തീര്‍ത്തും ദുര്‍ബ്ബലരായവരെക്കൂടി കൂടെക്കൂട്ടി നിര്‍ത്തി അവരില്‍ ആത്മവിശ്വാസം പകരാന്‍ കാട്ടിയ ആര്‍ജ്ജവംകാെണ്ടു കൂടിയാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് അദ്വൈതാശ്രമത്തില്‍ വച്ച് 1097 കന്നി 19ന് ഗുരുദേവന്‍ എഴുതിയ ചരിത്രപരമായ കത്ത്. ആഘോഷിക്കപ്പെടാതെപോയ ആ കത്തിന്‍റെ ശതാബ്ദി വര്‍ഷം കൂടിയാണിത്. ഐതിഹാസികമാനമുള്ള ആ കത്തില്‍ ഗുരു ഇങ്ങനെ കുറിച്ചിരിക്കുന്നു:

'ചങ്ങനാശ്ശേരി മഞ്ചാടിക്കര വാഴപ്പള്ളി കിഴക്കുംമുറിയില്‍ കുന്നുംപുറത്തു ജി കൃഷ്ണന്‍ വൈദ്യന് ഈഴവ പ്രാതിനിധ്യം വഹിക്കുന്നതിലേക്കു യോഗ്യനായ ഈഴവനാണെന്നുള്ളതിനേ സ്ഥലനിവാസികളായ ഈഴവ പ്രമാണിമാരാരും വിസമ്മതിക്കയില്ലെന്നു നാം ദൃഢമായി വിശ്വസിക്കുന്നു.

നാരാരണഗുരു 

അദ്വൈതാശ്രമം                                              ആലുവ 

'97-2-19

 >> പശ്ചാത്തലം

പൊതുവഴിയിലൂടെ ഈഴവര്‍ക്ക് നടക്കാന്‍ വലിയ സമരങ്ങള്‍ വേണ്ടിവന്നിരുന്നു. പ്രസിദ്ധമായ വൈക്കം സത്യഗ്രഹവും കോട്ടയത്തെ തിരുവാര്‍പ്പ് സമരവും പാലക്കാട്ടെ കല്പാത്തി കലാപവുമൊക്കെ പൊതുവഴിയിലൂടെയുളള ഈഴവരുടെ സഞ്ചാരത്തിനു വേണ്ടിയുളളതായിരുന്നു.  അതേസമയം, ഈഴവര്‍ക്കു വിലക്കുണ്ടായിരുന്ന പൊതുവഴിയിലൂടെ യഥേഷ്ടം സഞ്ചരിച്ചിരുന്നവരായിരുന്നു പിച്ചനാട്ട് കുറുപ്പന്മാര്‍. കണിക്കുറുപ്പന്മാര്‍ എന്നും ഇവരെ വിളിച്ചിരുന്നു. നായരേക്കാള്‍ അല്പം താഴ്ന്നതും ഈഴവരേക്കാള്‍ അല്പം ഉയര്‍ന്നതുമായിരുന്നു അവരുടെ അന്നത്തെ സാമൂഹിക നില. നായര്‍ ഭവനങ്ങളില്‍ ഈഴവര്‍ക്ക് കടന്നു ചെല്ലാവുന്നതിനുമപ്പുറം സ്വാതന്ത്ര്യം ഇവര്‍ക്കുണ്ടായിരുന്നു. വൈദ്യത്തിലും ജ്യോതിഷത്തിലും പ്രാഗത്ഭ്യമുളളവരായിരുന്നു അവരില്‍ പലരും. സാമൂഹികമായി ഉയര്‍ന്ന നിലയുണ്ടായിരുന്നവര്‍ക്കിടയില്‍ അവര്‍ സ്വീകാര്യത നേടിയിരുന്നു. ഉന്നതര്‍ക്കുമുന്നില്‍ അക്കാലത്തെ പതിവായിരുന്ന 'അടിയന്‍', 'റാന്‍', 'വിടകൊളളുക' തുടങ്ങിയ ആചാരഭാഷകളൊന്നും അവര്‍ക്ക് ബാധകമല്ലായിരുന്നു.

പത്തനംതിട്ട, തിരുവല്ല, കവിയൂര്‍  തുടങ്ങി മൂന്നു താലൂക്കുകളില്‍ മാത്രം ഒതുങ്ങിനിന്ന ജനതയായിരുന്നു അവര്‍. ആകെക്കൂടി നൂറില്‍ത്താഴെ വീട്ടുകാരും.  ജനസംഖ്യ അഞ്ഞൂറില്‍ത്താഴെ മാത്രവും. ജാതിയും ജാതിക്കുളളിലെ ജാതിയുമൊക്കെ നോക്കിയേ അക്കാലത്ത് ആളുകള്‍ വെളളം കുടിക്കുക പോലും പതിവുണ്ടായിരുന്നുളളൂ. ഇന്നു നാം തിരിച്ചറിയുന്നതു പോലെ, നൂറുവര്‍ഷം മുമ്പ്, ഏതെങ്കിലും ഒരു വീട്ടിലെ ചടങ്ങുകളില്‍ ചുറ്റുപാടുമുളള എല്ലാവരും പങ്കെടുക്കുന്ന പതിവുമുണ്ടായിരുന്നില്ല. വിശേഷങ്ങള്‍ക്ക് അന്യജാതിക്കാരായ അയല്‍ക്കാരുടെ പോലും സഹകരണം പ്രതീക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അന്ന്. അതിനാല്‍, എന്തെങ്കിലും വിശേഷങ്ങളോ ചടങ്ങുകളോ അടിയന്തിരങ്ങളോ നടത്തണമെങ്കില്‍ പലയിടത്തായി ചിതറിക്കിന്നിരുന്ന സ്വന്തക്കാരെ മുഴുവന്‍ ക്ഷണിച്ചുകൊണ്ടു വരേണ്ടിയിരുന്നു.


വളരെക്കുറച്ചാളുകള്‍ മാത്രമുണ്ടായിരുന്ന പിച്ചനാട്ട് കുറുപ്പന്മാര്‍ പരസ്പരം രക്തബന്ധുക്കളായതിനാല്‍ വിവാഹ കര്‍മ്മം അവര്‍ക്ക് ഒരു വലിയ പ്രതിസന്ധിയായിത്തീര്‍ന്നു. ബന്ധുത്വമില്ലാത്തവരെ വിവാഹം  കഴിക്കണമെങ്കില്‍ മറ്റു സമുദായങ്ങളില്‍ നിന്നേ കഴിയുമായിരുന്നുളളൂ. അന്നത്തെ സാമൂഹിക അവസ്ഥയില്‍ അതിനൊട്ടു സാധ്യതയുമില്ല. കണിയാന്‍മാരുടെ ചൗളം, അപരക്രിയ (മരണാനന്തര കര്‍മ്മം) എന്നിവ നടത്തിയിരുന്നവരെന്ന നിലയില്‍ അവരെ ഉള്‍ക്കൊളളാന്‍ ഹിന്ദുസമൂഹത്തിലെ ഒരു ജാതി വിഭാഗങ്ങളിലും വ്യവസ്ഥയുണ്ടായിരുന്നില്ല. എന്നല്ല, ജാതിശ്രേണിയെ പഴിക്കുമ്പോഴും ഓരോ ജാതിവിഭാഗവും അവരവരുടെ ശ്രേഷ്ഠതയില്‍ അഭിമാനിക്കുകകൂടി ചെയ്തിരുന്നു. ഈ അവസ്ഥയില്‍ മതം  മാറുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും അവര്‍ക്കു മുന്നില്‍ ഇല്ലായിരുന്നു.

>> ചില ചരിത്രശകലങ്ങള്‍

മധ്യതിരുവിതാം കൂറിലെ ആറന്മുളക്കടുത്താണ് പൂവത്തൂര്‍ എന്ന പ്രദേശം. അന്നത്തെ തിരുവല്ല താലൂക്കില്‍പ്പെട്ട പ്രദേശമായിരുന്നു അത്. കഥകളിലും മറ്റും വര്‍ണ്ണിക്കപ്പെട്ടിരുന്നതു പോലുളള ഒരു തനി നാട്ടിന്‍പുറം. പൂവത്തൂര്‍ ഗോവിന്ദനാശാന്‍ നാട്ടില്‍ അറിയപ്പെടുന്ന ജ്യൗതിഷിയും കളരിചികിത്സാ വിദഗ്ദ്ധനുമായിരുന്നു. ഉത്തര കേരളത്തില്‍നിന്ന് 1700-കളില്‍

വൈദ്യവും കളരിയുമായി കുടിയേറിയവരാണ് അദ്ദേഹത്തിന്‍റെ പൂര്‍വ്വികര്‍ എന്നു കരുതപ്പെടുന്നു. തിരുവിതാംകൂറിലെ രാജഭരണം അസ്തമിക്കുകയും നാടുവാടിത്തം പ്രഭകെട്ടുതുടങ്ങുകയും ചെയ്തതോടെ കളരികളെയും അവിടുത്തെ ആശാന്മാരെയും സംരക്ഷിക്കാനുളള നാട്ടധികാരികളുടെ താല്പര്യവും അസ്തമിച്ചു. അതോടെ, പല സമൂഹങ്ങളുടെയും നിലനില്പ് അവതാളത്തിലായി. ഉദാഹരണമായി, പല്ലക്കു ചുമക്കുന്നതിനുവേണ്ടി നാഗര്‍കോവില്‍ പരിസരത്തു നിന്നും മധ്യതിരുവിതാംകൂറിലേക്ക് കൊണ്ടുവന്ന കരുത്തരും കായബലമുളളവരുമായ ഒരു ജനവിഭാഗമായിരുന്നു 'തണ്ടാന്മാര്‍'. 'തണ്ട്' അഥവാ പല്ലക്ക് ചുമക്കുന്നവരായതുകൊണ്ടാണ് അവര്‍ക്ക് ആ പേരു കിട്ടിയത്. രാജഭരണം ബ്രിട്ടീഷ് രാജിനും അതു പിന്നീട് ജനായത്തത്തിനും വഴിമാറുന്നതിനിടയില്‍ സാമൂഹിക രംഗത്തും വൈജ്ഞാനികരംഗത്തും വന്നുചേര്‍ന്ന പരിവര്‍ത്തനങ്ങള്‍ മൂലം ചെയ്തുപോന്ന തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ നിലനില്പിനായി അവര്‍ മരം കയറിത്തുടങ്ങി. പഴയ തൊഴിലു പോയെങ്കിലും തണ്ടാന്‍ എന്ന തൊഴില്‍ നാമം ആ സമൂഹത്തിനുമേല്‍ അപ്പോഴും പറ്റിച്ചേര്‍ന്ന് നിലനിന്നു. പുതിയ തൊഴില്‍ ചെയ്തപ്പോള്‍ പുതിയ തൊഴില്‍പ്പേരു കിട്ടിയില്ലെന്നു മാത്രമല്ല, പഴയപേരിനു പതിത്വം വരികയും ചെയ്തു. അതോടെ, രാജകീയ വാഹനം ചുമ്മിയിരുന്നവര്‍ അന്നത്തെ സാമൂഹിക വ്യവസ്ഥപ്രകരം അധഃകൃതരായി, അധഃപതിച്ചവരായി തീര്‍ന്നു. അതുപോലെ, മാറിയസാഹചര്യത്തില്‍, നിലനില്പിനുവേണ്ടി ഇതര തൊഴിലുകളിലേക്ക് തിരിയേണ്ടി വന്നവരാണ് പിച്ചനാട്ട് കുറുപ്പന്മാരും. എങ്കിലും, 'തര്‍ക്ക ജ്യോതിഷ'ത്തിലുളള പ്രാവീണ്യവും സത്കീര്‍ത്തിയും പൂവത്തൂര്‍ ഗോവിന്ദനാശാനെയും കുടുംബത്തെയും ഉപജീവനത്തിനു തുണച്ചു.

>> കൃഷ്ണന്‍ വൈദ്യന്‍

പൂവത്തൂര്‍ ഗോവിന്ദനാശാന്‍റെ മകനായിരുന്നു കൃഷ്ണന്‍ വൈദ്യര്‍. പിതാവിനെപ്പോലെതന്നെ വൈദ്യത്തിലും ജ്യോതിഷത്തിലും സാഹിത്യാദികളിലും തല്പരനും പ്രസിദ്ധനുമായിരുന്നു അദ്ദേഹവും. അക്കാലത്തെ സാഹിത്യ സദസ്സുകളില്‍ വൈദ്യര്‍ നിത്യസന്ദര്‍ശകനായിരുന്നു. അങ്ങനെ കവികളും കലാകാരന്മാരും അദ്ദേഹത്തിന്‍റെ സൗഹൃദ വലയത്തിലുണ്ടായി. പിതാവ് പൂവത്തൂര്‍ ഗോവിന്ദനാശാന്‍ കാലയവനികയ്ക്കുളളില്‍ മറഞ്ഞതോടെ ഏതാണ്ട് നൂറിനടുത്ത് വരുന്ന കുടുംബങ്ങളുടെ നേതൃത്വം കൃഷ്ണന്‍ വൈദ്യനിലായി.

>> തിരുവല്ലെയെന്ന ബ്രാഹ്മണഗ്രാമം

ഒരു ബ്രാഹ്മണ ഗ്രാമമെന്ന നിലയിലാണ് അക്കാലത്ത് തിരുവല്ലയെ അറിയപ്പെട്ടിരുന്നത്. പരശുരാമന്‍ കൊണ്ടുവന്ന് താമസ്സിപ്പിച്ചവരെന്നു ഐതിഹ്യ പ്രശസ്തിയുളള വിഭാഗങ്ങളുടെ അധീനതയിലായിരുന്നു അവിടം. അതിന്‍റേതായ ചിട്ടവട്ടങ്ങള്‍ക്കും സാമൂഹിക ബന്ധങ്ങള്‍ക്കുമിടയിലും പൊതുവഴി ഇവര്‍ക്ക് വലക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ശ്രേണീബദ്ധമായ ജാതി ഘടനയുടെ തിന്മകള്‍ ഒട്ടും കുറയാത്ത പ്രദേശം കൂടിയായിരുന്നു അത്. ഇന്നും അവിടെ കാണപ്പെടുന്ന തീണ്ടല്‍പ്പലക അന്നത്തെ യാഥാസ്ഥിതികത്വത്തെ അടയാളപ്പെടുത്തുന്നു.

ഈ മണ്ണിലാണ് വിശ്വാസക്കൊയ്ത്തുമായി അന്യമതങ്ങള്‍ ചേക്കേറുന്നത്. പ്രത്യേകിച്ചും ക്രൈസ്തവ വിശ്വാസം. മധ്യ തിരുവിതാംകൂറില്‍ ആദ്യമായി ഒരു അവര്‍ണ്ണന്‍ ക്രൈസ്തവ വിശ്വാസിയായത് തിരുവല്ലയ്ക്കടുത്തുളള മല്ലപ്പളളിയിലെ വയല്‍ വരമ്പില്‍വെച്ചാണ്. അക്കാലത്തെ അവര്‍ണ്ണന്‍ അനുഭവിച്ച പീഡനത്തിന്‍റെ ആകെത്തുക ആ ഒറ്റ സംഭവത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഭക്ഷണമോ വെളളമോ കഴിക്കാതെ, കത്തുന്ന വെയിലില്‍, ഒരുവശത്ത് മാടിനൊപ്പം കഴുത്തില്‍ വെച്ചുകെട്ടപ്പെട്ട നുകവുംപേറി നിലമുഴുന്ന ഒരു മനുഷ്യക്കോലം. ഉഴവുകാരന്‍റെ ക്രൂരമായ ചാട്ടവാറടിയേറ്റു വരണ്ടുണങ്ങിയ നാവിനാല്‍ നിലവിളിച്ചു കൊണ്ട് അയാള്‍ ബോധം കെട്ടു നിലത്തു വീണു. പുലയാനായ ഒരു അടിമത്തൊഴിലാളിയായിരുന്നു അയാള്‍. വീണുകിടക്കുന്ന അയാളെ വീണ്ടും ആക്രമിക്കുന്നതിനു തുനിയുകയാണ് മേല്‍നോട്ടക്കാരന്‍. അത് കണ്ടുകൊണ്ട് അതുവഴിവന്ന മതപ്രബോധകനായ ഹോക്സ് വര്‍ത്ത് ധ്വര അടിമയെ രക്ഷിച്ചെടുത്തു. അതിന്‍റെ നന്ദി സൂചകമായി അടിമ മതം മാറി ക്രൈസ്തവനായി. ഹാബേല്‍ എന്ന പേരും സ്വീകരിച്ചു. 1854 സെപ്റ്റംബര്‍ 8-ാം തീയതിയായിരുന്നു അത്. മധ്യതിരുവിതാംകൂറിലെ ആദ്യത്തെ മതംമാറ്റവും അതായിരുന്നു. ഇവയൊക്കെയായിരുന്നു തിരുവല്ലയിലെ അന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍.

>> ക്രിസ്ത്യാനിയാവാന്‍ വൈദ്യര്‍ക്ക് ക്ഷണം

ഇതിനിടയിലും, ചികിത്സയിലെ മികവുകൊണ്ട് തിരുവല്ലയില്‍ ക്രമേണ കൃഷ്ണന്‍വൈദ്യര്‍ക്ക് ക്രൈസ്തവ വിശ്വാസികളായ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിത്തീര്‍ന്നു. തിരുവല്ല ബിഷപ്പിനെ ചികിത്സിച്ചതുവഴിയുണ്ടായ കീര്‍ത്തി ക്രൈസ്തവര്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ  സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. സ്വജനങ്ങളുടെ എണ്ണക്കുറവുമൂലം തങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ്, ക്രൈസ്തവ സുഹൃത്തുക്കള്‍ വൈദ്യരെ അവരുടെ മതത്തിലേക്ക് ക്ഷണിക്കുന്നത്. ആ ക്ഷണം അദ്ദേഹത്തിന് ഒരാശ്വാസമായി തോന്നി. പൂര്‍ണ്ണ മനസ്സോടായിരുന്നില്ല  അദ്ദേഹം അതിനു സമ്മതിച്ചതെന്ന് പിന്നീടുളള സംഭവങ്ങള്‍ തെളിയിക്കുന്നു.

 >> മൂലൂരിന്‍റെ ഇടപെടല്‍ 

ഇതിനിടയിലാണ് അദ്ദേഹം സരസകവി മൂലൂര്‍ എസ്സ് പത്മനാഭപ്പണിക്കരെ വീണ്ടും കാണാനിടയായത്. തന്‍റെ ബന്ധുക്കളുള്‍പ്പെടെയുളളവരുമായി ക്രിസ്തുമതത്തിലേക്ക് മാറാനുളള തങ്ങളുടെ കൂട്ടായ തീരുമാനത്തെക്കുറിച്ച് വൈദ്യര്‍ മൂലൂരിനോടു സന്ദര്‍ഭവശാല്‍ പറഞ്ഞു. 'വിശ്വാസം തോന്നീട്ടല്ല, സ്വജനലോഭത്താല്‍ മാത്രമാണ് മതപരിവര്‍ത്തനത്തിനു ഭാവിച്ചിരിക്കുന്നത്' എന്നായിരുന്നു മൂലൂരിന്‍റെ സംശയത്തിന് വൈദ്യര്‍ നല്‍കിയ മറുപടി.
മൂലൂരിന്‍റെ സ്വന്തം വാക്കുകളില്‍ നമുക്ക് തുടര്‍ന്ന് വായിക്കാം:
'അങ്ങനെയെങ്കില്‍ ഈഴവരാകുന്നതിനു നിങ്ങള്‍ക്കു അഭിമതമാണോ എന്നു ഞാന്‍ ചോദിച്ചു. 'അതു സാധ്യമല്ലല്ലോ?' എന്ന് നിരാശനായിട്ട് കൃഷ്ണന്‍ വൈദ്യന്‍ മറുപടി പറഞ്ഞു. അതു സാധ്യമാണെന്നും ശ്രീനാരായണ ഗുരുദേവന്‍റെ സാന്നിധ്യത്തില്‍ ഇത് നിഷ്പ്രയാസം സാധിക്കാമെന്നും അതുവരെ മതപരിവര്‍ത്തനം ചെയ്യരുതെന്നും ഞാന്‍ പറഞ്ഞതിനെ പണ്ഡിതനും ശാന്തനുമായ വൈദ്യര്‍ സന്തോപൂര്‍വ്വം അനുവദിച്ചു. ഈവിവരം യഥാവസരം ഞാന്‍ സ്വാമികളോട് ഉണര്‍ത്തിച്ചു. അവിടുന്ന് അത്യന്തം ആഹ്ലാദ പരതന്ത്രനായിട്ട്, 'നാം ഉടനെ തിരുവല്ലയില്‍ വരാം' എന്നു മറുപടി കല്പിക്കുകയുണ്ടായി'       

'അതനുസരിച്ച് 1094-ാമാണ്ട് ഇടവമാസം 21ന് വൈകിട്ട് സ്വാമികള്‍ ചെങ്ങന്നൂരില്‍ എത്തി. പില്‍ക്കാലത്ത് ഗോവിന്ദാനന്ദ സ്വാമികള്‍ എന്നറിയപ്പെട്ട ശിഷ്യനും, പരദേശി എന്നറിയപ്പെട്ട സന്യാസി ശിഷ്യന്‍ ശങ്കരന്‍ തുടങ്ങിയവരും സ്വാമികളോട് ഒരുമിച്ചുണ്ടായിരുന്നു' 

>> ഗുരുവിന്‍റെ സാഹസിക യാത്രയും സന്ദര്‍ശനവും

ചെങ്ങന്നൂരില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും ഒപ്പമുണ്ടായാരുന്നവരെയും കൂട്ടി മൂലൂര്‍ നാലുമണിയോടെ തിരുവല്ലയ്ക്ക് പുറപ്പെട്ടു. ചിറപ്പുഴപ്പാലം വഴിയായിരുന്നു അവരുടെ യാത്ര. ആറുകടന്ന് മറുകരയെത്തിയപ്പോഴേക്കും സമയം അഞ്ചരമണി കഴിഞ്ഞു. ഇടവമാസത്തിന്‍റെ നിറംമാറ്റം പ്രകൃതി കാട്ടിത്തുടങ്ങി. പെട്ടെന്ന് ആകാശം കാറും കോളും കൊണ്ടു മൂടി. തുടര്‍ന്നുളള യാത്ര അതോടെ ദുഷ്കരമായി.



പമ്പയുടെ വടക്കേകകരയില്‍ മഴുക്കീര്‍ കുന്നുംപുറത്ത് നീലകണ്ഠന്‍ എന്നയാളുടെ വക കാക്കശ്ശേരില്‍ എന്ന വീട്ടില്‍ നാരായണ ഗുരുവും കൂട്ടരും അന്നു വിശ്രമിച്ചു. ആ രാത്രി പമ്പാനദി കരകവിഞ്ഞു. നേരം വെളുത്തപ്പോഴേക്കും അവര്‍ താമസിച്ചിരുന്ന വീടിന്‍റെ പരിസരങ്ങളെല്ലാം മുങ്ങിക്കഴിഞ്ഞു.

ഇടവം ഇരുപത്തി മൂന്നാം തീയതി അവര്‍ തിരുവല്ലയ്ക്ക് പുറപ്പെട്ടു. റോഡില്‍ നിറയെ വെളളമായതിനാല്‍ ശ്രീനാരായണ ഗുരുവിനെ ഒരു വാഹനത്തില്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഏര്‍പ്പാടാക്കി. ക്ലേശങ്ങള്‍ സഹിച്ച് അവര്‍ കവിയൂരിലേക്കു തിരിച്ചു. രണ്ടുമൈല്‍ വരെ വാഹനം സഞ്ചരിക്കാത്ത ഒരിടത്ത് സംഘം എത്തിച്ചേര്‍ന്നു. അപ്പോഴേക്കും കവിയൂര്‍കാരായ സ്വജനങ്ങള്‍ മെത്രോപ്പോലിത്തയുടെ പല്ലക്കുമായി വന്നു. എന്നാല്‍ ഗുരു ശിഷ്യര്‍ക്കും മറ്റുളളവര്‍ക്കുമൊപ്പം നടന്നാണ് പോയത്. 'നിമ്നോന്നതങ്ങള്‍ നമുക്കു പണ്ടേ സുഗമങ്ങളാണ്' എന്നായിരുന്നു അപ്പോഴത്തെ ഗുരുവരുളെന്നാണ് മൂലൂര്‍ രേഖപ്പെടുത്തുന്നത്. നാലുമണിക്ക് ഗുരുവും കൂട്ടരും കവിയൂരിലെത്തിച്ചേര്‍ന്നു. അവിടെ ക്ഷേത്രത്തിനു വടക്കുളള കൊച്ചിക്കാചാന്നാരുടെ വീട്ടിലായിരുന്നു അന്നത്തെ വിശ്രമം.

>> ചരിത്രം വിസ്മരിച്ച സുദിനം

ശ്രീനാരായണ ഗുരുവിന്‍റെ ക്ഷണമനുസരിച്ച് ഇരുപത്തി നാലാംതീയതി പിച്ചനാട്ട് കുറുപ്പന്മാര്‍ കൃഷ്ണന്‍ വൈദ്യരുടെ നേതൃത്വത്തില്‍ കോട്ടൂര്‍ വീട്ടിലെത്തി. ഒപ്പം, പ്രദേശത്തെ പ്രധാന ഈഴവ നേതാക്കളും ക്രൈസ്തവ - നായര്‍ പ്രമാണിമാരും എത്തിച്ചേര്‍ന്നു. ഗുരുവിന്‍റെ അദ്ധ്യക്ഷതയില്‍ അവിടെ ഒരു വലിയ യോഗം ചേര്‍ന്നു. നായര്‍ പ്രമാണിയായ പെരുവേലി നാരായണപ്പണിക്കരും മൂലൂരും മറ്റു ചിലരും യോഗത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. അതിനുശേഷം സ്വാമികള്‍ കൃഷ്ണന്‍ വൈദ്യരെ അടുത്തേക്ക് ക്ഷണിച്ചു. 'ഇന്നു മുതല്‍ നിങ്ങളുടെ കുറുപ്പ് എന്നുളള വ്യക്തി പോയിരിക്കുന്നു. ഇവരും നിങ്ങളും സ്വജനങ്ങളായിരുന്നു കൊളളണം. നിങ്ങള്‍ക്കു ക്ഷേമമുണ്ടാകും' എന്നിങ്ങനെ ഗുരു അദ്ദേഹത്തെയും കൂട്ടരെയും ആശിര്‍വദിച്ചു. അതിനുശേഷം ആ വീട്ടില്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു. എല്ലാം വീക്ഷിച്ചുകൊണ്ട് ഒരു ചാരുകസേരയില്‍ സ്വാമികള്‍ ഇരുന്നു.

സദ്യക്കുശേഷം മൂലൂരിനെ ഗുരു അടുത്തേക്കു വിളിച്ചു. 'ഇന്നൊരു സുദിനം തന്നെ. സമുദായ ചരിത്രത്തില്‍ ഇതൊരു പ്രധാന ഘട്ടമത്രേ. ഇതു പദ്യമാക്കണം. ആ റിക്കാര്‍ഡ് ആലുവ അദ്വൈതാശ്രമത്തില്‍ സൂക്ഷിക്കണം' എന്നിങ്ങനെ നിര്‍ദ്ദേശിച്ചു. മാത്രമല്ല, ആശാനില്ലാത്തധൈര്യമാണ് മൂലൂര്‍ കാട്ടിയതെന്ന് പറഞ്ഞ് ശ്രീനാരായണ


ഗുരു മൂലൂരിനെ അഭിനന്ദിക്കുകയും ചെയ്തു. മതം മാറാവുന്നതാണെന്നും ജാതി ഒരിക്കലും മാറ്റാനാവാത്തതുമാണെന്നുമുളള ധാരണയെയാണ് ഗുരു ഇതിലൂടെ തിരുത്തുന്നത്.   

>> 'പരിശുദ്ധനായ ഈഴവന്‍'

ശ്രീനാരായണ ഗുരുവിന്‍റെ സാന്നിധ്യത്തില്‍ ജാതിമാറ്റത്തിലൂടെ ഈഴവനാക്കപ്പെട്ട കൃഷ്ണന്‍ വൈദ്യന്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പൂവത്തൂരില്‍ നിന്നും ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് തന്‍റെ വൈദ്യശാലയെ പറിച്ചു നട്ടു. ക്രമേണ അദ്ദേഹം വാഴപ്പളളിയില്‍ സ്ഥിര താമസവുമായി. ആ സമയത്ത് ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലേക്ക് ഒരു ഈഴവ മെമ്പറെ തെരഞ്ഞെടുക്കാനുളള അവസരം വന്നു. ചങ്ങനാശ്ശേരിയിലുളള ഈഴവര്‍ കൃഷ്ണന്‍ വൈദ്യന്‍റെ പേര് നിര്‍ദ്ദേശിച്ചു. തഹസ്സില്‍ദാര്‍ പൊതുജനാഭിപ്രായം ഹജൂറിലേക്കെഴുതി. ഇതറിഞ്ഞ സ്ഥാനമോഹികളായ ചിലര്‍ പരാതികളയച്ചും വക്കീലിനെ ഏര്‍പ്പെടുത്തിയും തടസങ്ങള്‍ ഉണ്ടാക്കി. കൃഷ്ണന്‍ വക്കീലിനെ ജാതിയുടെ പേരില്‍ ആക്ഷേപിക്കാനും ചിലര്‍ മുതിര്‍ന്നു. അദ്ദേഹം ഈഴവനല്ലെന്നും കണിക്കുറുപ്പനാണെന്നും അവര്‍ പ്രചരിപ്പിച്ചു.

മഹാകവി ഉളളൂരായിരുന്നു അന്നത്തെ ഹജൂര്‍ സെക്രട്ടറി. ഈഴവരുള്‍പ്പെട്ട കേസായതിനാല്‍ അദ്ദേഹം മൂലൂരിന്‍റെ അഭിപ്രായം തേടി. കഴിഞ്ഞുപോയ സംഭവങ്ങള്‍ മൂലൂര്‍ ഉളളൂരിനെ അറിയിച്ചു. ശ്രീനാരായണഗുരു അതീവ താല്പര്യമെടുത്താണ് വൈദ്യരെയും കൂട്ടരെയും ഒപ്പം ചേര്‍ത്തതെന്ന വസ്തുത അദ്ദേഹം ഉളളൂരിനോട് പറഞ്ഞു. ജാതി മാറ്റം സംബന്ധിച്ച് എന്തെങ്കിലും രേഖ കൃഷ്ണന്‍ വൈദ്യന്‍ സമര്‍പ്പിക്കേണ്ടിവരുമെന്ന് ഉളളൂര്‍ മൂലൂരിനോട് പറഞ്ഞു.


മൂലൂരിന്‍റെ മകന്‍ ഗംഗാധരന്‍ അന്ന് അദ്വൈതാശ്രമത്തില്‍ ശാസ്ത്രി ക്ലാസ്സില്‍ പഠിക്കുന്നുണ്ടായിരുന്നു. മകന്‍വഴി മൂലൂര്‍ കൃഷ്ണന്‍ വൈദ്യരുടെ ദുരനുഭവം സ്വാമിയെ അറിയിച്ചു. സ്ന്തോഷത്തോടെ ഗുരു 'ഈ കൃഷ്ണന്‍ വൈദ്യന്‍ ഒരു പരിശുദ്ധനായ ഈഴവനാണ്' എന്ന് സര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുത്തു. സര്‍ട്ടിഫിക്കറ്റ് കൈമാറുമ്പോള്‍, 'പരിശുദ്ധനായ ഈഴവന്‍ എന്നാല്‍ ചെത്താത്തവന്‍' എന്നാണര്‍ത്ഥമെന്ന് സ്വാമികള്‍ ഒപ്പമുണ്ടായിരുന്നവരോട് വിശദീകരിച്ചുകൊടുത്തു. ആ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കൃഷ്ണന്‍ വൈദ്യന്‍ ഈഴവ പ്രതിനിധിയായി വിജയിച്ചു. പിന്നീട് ഒരുതവണകൂടി അദ്ദേഹം മുനിപ്പാലിറ്റി മെമ്പറായി.

എന്തായാലും, പില്ക്കാലത്ത് വൈദ്യര്‍ ആഗ്രഹിച്ചതുപോലെ തന്‍റെകൂട്ടര്‍ക്ക് ഈഴവര്‍ക്കിടയില്‍ മാത്രമല്ല സമൂഹത്തിലും അംഗീകാരം ലഭിച്ചു. പരസ്പര വിവാഹത്തിലൂടെ അവര്‍ ഈഴവ സമുദായത്തിലഞ്ഞു ചേര്‍ന്നു.

 >> വൈദ്യരുടെ പിന്മുറക്കാര്‍

കൃഷ്ണൻ വൈദ്യര്‍ക്ക് രണ്ടുമക്കളായിരുന്നു. ഗൗരിയെന്ന മകളും ഗോപാലന്‍ എന്ന മകനും. ഗൗരിയെ ചങ്ങനാശ്ശേരി കൂട്ടുമ്മേൽ നാരായണനാണ് വിവാഹം കഴിച്ചത്. അവര്‍ക്ക് രണ്ടു പെണ്‍മക്കളാണ് ഉളളത് - ശാന്തയും രോഹിണിയും. ഗോപാലൻ പോലീസ് ഡിപ്പാര്‍ട്ട് മെന്‍റിലായിരുന്നു. ആലപ്പുഴ പുത്തൻപുരയ്ക്കൽ കുടുബാംഗമായ അരുന്ധതിയായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ. അവര്‍ക്ക് മൂന്ന് ആണ്‍മക്കള്‍. മൂത്ത മകന്‍ ഗുരുപ്രസാദ്. വൈദ്യരുടെ മൂന്നാം തലമുറയിലെ പിന്മുറക്കാരനാണ് ലാബ്ടെക്നീഷ്യനായ അദ്ദേഹം. ഗുരു പ്രസാദിന്‍റെ ഭാര്യ ഡോ ഗിരിജ. അവര്‍ക്കും ഗുരുവുമായി ബന്ധപ്പെട്ട പൂര്‍വ്വകഥയുടെ കെട്ടഴിക്കാനുണ്ട്. സ്വാമികള്‍ക്ക് ഒരേക്കര്‍ ഭൂമി ദാനം നല്‍കിയ മുണ്ടക്കയത്തെ കൊല്ലംപറമ്പില്‍ ചക്കിയമ്മയുടെ പിന്മുറക്കാരിയാണവര്‍.  

രണ്ടാമത്തെ മകന്‍ അശോകന്‍ കുടുബത്തോടൊപ്പം വൈക്കത്ത് താമസിക്കുന്നു. മൂന്നാമത്തെ മകന്‍ രാജീവ് മുണ്ടക്കയത്തുതന്നെയാണ് താമസം. അശോകനും രാജീവും മിലിറ്ററിയില്‍ ഉദ്യോഗസ്ഥരായിരുന്നു.

പിച്ചനാട്ട് കുറുപ്പന്മാരെ ഈഴവരാക്കിയ ചരിത്ര സംഭവത്തിന് കഴിഞ്ഞ ഇടവം 24ന് നൂറ്റിയൊന്നു വര്‍ഷം തികഞ്ഞു. ഗുരുവിന്‍റെ സര്‍ട്ടിഫിക്കറ്റിന് പ്രായം 100 ആയിരിക്കുന്നു.

.....................................................




ഹരികുമാര്‍ ഇളയിടത്ത് | 9447304886


1 comment:

  1. പിച്ചനാട്ട് കുറുപ്പൻമാരുടെ ചരിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണോ???

    ReplyDelete