Tuesday, January 12, 2021

Leaf Wings | Page Launching


ലീഫ് വിംഗ്സ് യൂട്യൂബ് ചാനല്‍ പേജും ബാനര്‍ ലോഞ്ചിംഗും കായംകുളം എഎല്‍എ യു. പ്രതിഭ നിര്‍വഹിച്ചു. 



കായംകുളം: നൂറു ചരിത്ര പുസ്തകങ്ങൾ വായിക്കുന്നതിന് തുല്ല്യമാണ് ഒരു ചരിത്ര സ്മാരകം തേടിയുള്ള യാത്രയെന്ന് യു. പ്രതിഭ എംഎല്‍എ പറഞ്ഞു. 

നാടിന്‍റെ ചരിത്രവും സംസ്കാരവും പൈതൃകവും കലയും രുചിയറിവുകളും തേടിയുളള യാത്രകളുടെ ആവിഷ്കാരമായ ലീഫ് വിംഗ്സ് ചാനലിന്‍റെ ഫേസ്ബുക്ക് പേജും ബാനര്‍ ലോഞ്ചിംഗും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

കൊഴിഞ്ഞു പോയ കാലത്തിനെ കെട്ടുകഥകളുടെയും ഐതീഹ്യങ്ങളുടേയും കടുത്ത ചായക്കൂട്ടുകളിൽ നിന്നും വേര്‍തിരിച്ചറിയാൻ ഇത്തരം യാത്രകള്‍ സഹായകമാകും. തനത് കലാരൂപങ്ങളേ കണ്ടറിയാനും, മഹാരഥൻമാരുടെ കാൽപാടുകളേ പിൻതുടരാനും വരും തലമുറക്ക് വഴികാട്ടിയാകാനും യാത്രികര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അല്‍ബറൂനി, പെരിപ്ലസ് തുടങ്ങി നൂറുകണക്കിനുളള യാത്രികരുടെ സഞ്ചാരക്കുറിപ്പുകളാണ് നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ആവോളം അറിവുകള്‍ പകര്‍ന്ന് നല്‍കിയത് - അവര്‍ പറഞ്ഞു.

അഡ്വ. ഒ ഹാരിസ്, അഡ്വ അമല്‍ രാജ്, കര്‍ണ്ണന്‍ പി, അനീഷ് മോഹന്‍ തമ്പി, ശ്രീജിത് ജി നായര്‍, ഹരികുമാര്‍ ഇളയിടത്ത് വിവിധകലാലയങ്ങളിലെ വിദ്ധ്യാര്‍ത്ഥികളായ പാര്‍വ്വതി, ഹര്‍ഷ, ലക്ഷ്മി, അര്‍ജ്ജുന്‍ എന്നിവര്‍ പങ്കെടുത്തു.

Monday, January 11, 2021

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ | 196

 

ആറാട്ടുപുഴ വേലായുധപ്പണിക്കരെ സര്‍ക്കാര്‍ നിഷ്കരുണം അവഗണിക്കുന്നന്ന് സെമിനാറില്‍ വിമര്‍ശനം

കായംകുളം: നവോത്ഥാന നായകരെക്കുറിച്ച് ആവേശം കൊളളുകയും അവശജനതയെക്കുറിച്ച് വാതോരാതെ പറയുകയും ചെയ്യുന്ന ഭരണാധികാരികള്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ നിഷ്കരുണം അവഗണിക്കുകയാണെന്ന് സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 196-ാം ജയന്തിയോടനുബന്ധിച്ച്, 'കേരള നവോത്ഥാനത്തില്‍ വേലായുധപ്പണിക്കരുടെ സ്ഥാനം' എന്നവിഷയത്തില്‍ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ വീടായ എരുവ കുറ്റിത്തറയില്‍ നടന്ന ചരിത്ര സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

ബജറ്റില്‍ ഒരുകോടി രൂപ അനുവദിച്ചതായി പത്ര പ്രസ്താവന വന്നതല്ലാതെ നാളിതുവരെ   മേല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. കേരളത്തിലെ വിദ്യാര്‍ത്ഥികളെ അദ്ദേഹത്തിന്‍റെ ത്യാഗോജ്വലമായ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ വേണ്ടി സിലബസില്‍ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുളള നടപടികള്‍ ഇതേവരെ എടുത്തിട്ടില്ല. നശിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്‍റെ ആറാട്ടുപുഴയിലെ തറവാട്ട് വീട് ഏറ്റെടുത്തു സംരക്ഷിക്കുന്നതുള്‍പ്പെടെയുളള കാര്യത്തില്‍ നിസ്സംഗത തുടരുന്നു. കേരളത്തിലാദ്യമായി കാര്‍ഷിക പണിമുടക്ക് വിജയകരമായി നടന്ന പത്തിയൂരില്‍ അദ്ദേഹത്തിന്  ഉചിതമായ സ്മാരകം വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യവും പരിഗണിക്കപ്പെടുന്നില്ല- സെമിനാര്‍ കുറ്റപ്പെടുത്തി.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ബാലചന്ദ്രപ്പണിക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൈനകരി വിക്രമന്‍ മുഖ്യപ്രഭാഷണം നടത്തി. എരുവ പ്രഭാഷ് പ്രമേയം അവതരിപ്പിച്ചു. 

ജീവചരിത്രങ്ങളിലെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന വിഷയത്തില്‍ സുരേഷ് എസ്പിഎല്‍, മധ്യതിരുവിതാംകൂറിലെ സാമൂഹിക പ്രക്ഷോഭങ്ങള്‍ എന്ന വിഷയത്തില്‍ സുരേഷ് വര്‍ക്കല, വിഷ്ണു അശോക് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡി അശ്വനീദേവ്, മുരളീധരന്‍ വി, രാജേന്ദ്രന്‍ കെ, ഷനൂജ്, ആദര്‍ശ് ഗോപിനാഥ്, ഹരികുമാര്‍ ഇളയിടത്ത്, പ്രൊഫ. ചന്ദ്രസേനന്‍ എന്നിവര്‍ സംസാരിച്ചു.