Thursday, July 2, 2020

നിരീക്ഷണം

ഇന്ദ്രമണി പാണ്ഡേയും 
ചില ആശ്രിത നിയമനങ്ങളും

 • അശോക് കര്‍ത്ത


| അശ്വമേധമായാലും ഒളിവിലെ ഓർമ്മകളായാലും ഒരേ അഭിനേതാക്കൾ. നാടകസംഘങ്ങൾക്ക് അതു പറ്റും. അതുപോലെയാണോ പരിഷ്കരണ കമ്മിറ്റികൾ..? |

മുൻപ് കേട്ടിട്ടില്ലാത്ത പേരാണ് ഇന്ദ്രമണിപാണ്ഡെയുടേത്. ഇന്നത് വാർത്തയിലുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ പുതിയ സ്ഥിരം പ്രതിനിധി. സ്വാതന്ത്ര്യാനന്തരം ആദ്യമായി നെഹ്രു തൻ്റെ സഹോദരിക്ക് സമ്മാനമായി നൽകിയ സ്ഥാനം.

ഐക്യരാഷ്ട്ര ചിട്ടിക്കമ്പനിയിൽ സ്ഥിരം പ്രതിനിധി എന്നത് കിട്ടുന്നവർക്ക് ഒരാഭരണ പോസ്റ്റാണ്. യു.എൻ, ലോകാരോഗ്യ സംഘടന, മനുഷ്യാവകാശ കൗൺസിൽ തുടങ്ങിയവയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സ്ഥിരാംഗമാണ്. അഥവാ യു.എന്നിലെ ഇന്ത്യൻ അമ്പാസഡർ.

1990 ഐ.എഫ്.എസ് ബാച്ചുകാരനാണ് ശ്രീ.പാണ്ഡേ. ഡമാസ്കസ്, കെയ്റോ, ഇസ്ലാമാബാദ്, മസ്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു മുൻനിയമനം. കാശ്മീർ വിഷയം പാകിസ്ഥാൻ യു.എന്നിൽ പൊലിപ്പിക്കാൻ ഇരിക്കെയാണ് പാണ്ഡേയുടെ നിയമനമെന്നതാണ് അതിൻ്റെ പ്രാധാന്യം.

ഹിന്ദുത്വവാദികൾ, ചാണക സംഘികൾ എന്നൊക്കെ പുരോഗമനക്കാർ ആരോപിക്കുമ്പോഴും കേന്ദ്രസർക്കാറിൻ്റെ തന്ത്രപ്രധാനമായ നിയമനങ്ങളിലെല്ലാം കാണാവുന്ന ഒരു സവിശേഷതയുണ്ട്. പ്രഫഷണലിസം. കോൺഗ്രസ് ഭരിക്കുമ്പോൾ പ്രസിഡൻ്റിൻ്റെ മാവീടെ മോൻ്റെ മച്ചുനനെ നിയമിക്കുന്ന പോലെയല്ല അത്. പ്രഫഷണലിസം നോക്കി കോൺഗ്രസ് ആരേയെങ്കിലും നിയമിച്ചിട്ടുണ്ടെങ്കിൽ അതൊരാളേയുള്ളു. മൻമോഹൻ സിങ്. ഇടതുപക്ഷത്തിനും അത് സമ്മതമാണ്. പക്ഷെ അദ്ദേഹം വന്നത് 10 ജനപഥ് അടുക്കള വഴിയായിരുന്നില്ല. നരസിംഹറാവു പെറുക്കിയെടുത്തതാണ്.

എൻ.ഡി.എയുടെ ജയശങ്കർ നിയമനവും അതുപോലെയാണ്. വിദേശകാര്യ മന്ത്രി. ചരിത്രകാരൻ സഞ്ജയ് സുബ്രഹ്മണ്യം സഹോദരനാണ്. പിതാവ് സുബ്രഹ്മണ്യം വിദേശകാര്യ വകുപ്പിലെ അതികായൻ. ചൈനാ വിദഗ്ധനായാണ് ജയശങ്കർ അറിയപ്പെടുന്നത്.

മുൻപൊന്നുമില്ലാത്ത വിധം ഹോങ്കോങ്, ടിബറ്റ്, ഷിൻജിയാങ്, തയ് വാൻ തുടങ്ങിയ പ്രവിശ്യകളിൽ നിന്നും ചൈന പ്രതിരോധം നേരിടുമ്പോൾ ജയശങ്കറിൻ്റെ വിദേശകാര്യ മന്ത്രി സ്ഥാനത്തിനു പ്രാധാന്യമുണ്ട്. എത്തിനിക് മൈനോറിട്ടികളും മുസ്ലീമും ചൈനീസ് ഏകാധിപത്യത്തിനെതിരേ പ്രതിഷേധത്തിനു കോപ്പുകൂട്ടുമ്പോൾ ഇന്ത്യയ്ക്ക് കൂടുതൽ ശ്രദ്ധാപൂർവ്വം ഇരിക്കേണ്ടി വരും. അവിടെയാണ് ചൈനീസ് വിദഗ്ധനായ ജയശങ്കറിൻ്റെ പ്രസക്തി. എന്നാൽ ഹ്രസ്വദൃഷ്ടികളായ നമ്മുടെ മാദ്ധ്യമങ്ങളും ബൗദ്ധിക വൻതലകളും ഫോക്കസ് ചെയ്യുന്നത് ചൈനീസ് അധിനിവേശ ടിബറ്റിൻ്റെ ഇന്ത്യാ അതിർത്തിയിലെ സ്ഥിരം കയ്യേറ്റങ്ങളിലും പിൻവാങ്ങലുകളിലും മാത്രമാണ്‌.


ഇന്ദ്രാണി പാണ്ഡേയുടെ നിയമന വാർത്ത വായിച്ചപ്പോൾ പെട്ടെന്നു ഓർത്തത് കേരളത്തിലെ പല നിയമനങ്ങളേക്കുറിച്ചും ആണ്. നയതന്ത്രപരമായ വിഷയങ്ങൾ ഒന്നുമല്ല. പക്ഷെ കേരളത്തിൻ്റെ ഭാവിയെ ബാധിക്കുന്നവയാണ്. എഴുപതു കൊല്ലമായി നാം തുടരുന്ന കേരള മോഡലിനു ഇനി പ്രസക്തിയില്ല. നമ്പർ 1 എന്നു നാം അഭിമാനിക്കുന്നതല്ലാതെ അതൊന്നും വർക്കു ചെയ്യുന്നതായി കാണുന്നില്ല. കൃഷിയും, തൊഴിലും, ടൂറിസവും, ഭരണ പരിഷ്കാരവുമെല്ലാം അതിൽപ്പെടും. അതൊക്കെ പുനർനിർമ്മിക്കണമെന്നു ആഗ്രഹിക്കുന്ന ഒരു സർക്കാർ ഉണ്ട്. പക്ഷെ അതിൻ്റെ ചുമതലയേൽപ്പിക്കുന്നവരെ കാണുമ്പോഴാണ് ആശ്ചര്യം.

ഇന്നും ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ചുക്കു ചേരാത്ത കഷായമില്ലെന്നു പറഞ്ഞ പോലെ അതിൻ്റെ തലവനും ആ അടുത്തൂൺ പറ്റിയ ഐ.എ.എസുകാരനാണ്. അദ്ദേഹത്തിനു തന്നെ ഓർമ്മ കാണുമോ ഇതുപോലെ എത്ര കമ്മിറ്റികളുടെ അദ്ധ്യക്ഷനാണ് താനെന്നു? എത്ര കർമ്മശേഷിയുള്ള ആളായാലും ഒരു മനുഷ്യൻ്റെ മേൽ ഇത്രയേറെ ഭാരം കയറ്റി വക്കരുത്. അതുപോലെ തന്നെയാണ് കമ്മിറ്റിയംഗങ്ങളും. ഇതെന്താ കെ.പി.എ.സി യോ? അശ്വമേധമായാലും ഒളിവിലേ ഓർമ്മകളായാലും ഒരേ അഭിനേതാക്കൾ. നാടകസംഘങ്ങൾക്ക് അതു പറ്റും. അതുപോലെയാണോ പരിഷ്കരണ കമ്മിറ്റികൾ?

കലാനിലയം ഏത് നാടകം അവതരിപ്പിച്ചാലും പൂജപ്പുര രവി അതിലൊരു വേഷം ചെയ്തിരിക്കും. അതുപോലെയാണ് കേരളത്തിൽ ഏത് കമ്മിറ്റി സംഘടിപ്പിച്ചാലും അതിൽ അന്താരാഷ്ട്ര വിദഗ്ധൻ കാണും. അയാൾക്ക് ഇതിനൊക്കെ എവിടെയാ സമയം? അതോ സ്വന്തം ലാവണത്തിൽ പണിയൊന്നുമില്ലെ? ആകെ ഒരത്ഭുതം തോന്നിയത് സ്ഥിരമായി കാണാറുള്ള വക്കീലിൻ്റെ പേര് കാണാത്തതാണ്. കോവിഡ് കാലമായതുകൊണ്ട് അദ്ദേഹത്തിനു സമയത്തിനു തിരുവനന്തപുരത്ത് എത്തിപ്പെടാൻ പറ്റിയില്ലായിരിക്കും.

നമുക്ക് ഇങ്ങനൊക്കെ മതി. നനച്ചില്ലെങ്കിലും ജൗളി അയയിലിടണം. അതു കാണുമ്പോൾ മാദ്ധ്യമങ്ങൾക്ക് ആവേശമുണ്ടാകും. വച്ചു കത്തിക്കും. രാഷ്ട്രീയക്കാർ ഊറിച്ചിരിക്കും. അണികൾ കോരിത്തരിക്കും. അതു മതി.