Monday, September 28, 2020

പരമേശ്വർജി ജയന്തി

ശ്രീനാരായണ ഗുരുവിനെ തെറ്റായ തരത്തിൽ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റുകൾക്ക് മറുപടിയായത് പി. പരമേശ്വരൻ 

നമ്മുടെ മതമേതെന്ന ചോദ്യത്തിന് ശങ്കരൻ്റെ മതം തന്നെ എന്ന നാരായണ ഗുരുവിൻ്റെ മറുപടി യഥാർത്ഥ ഭാരതീയ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതായി പരമേശ്വർജി സമൂഹത്തെ ബോധ്യപ്പെടുത്തി.



നാരായണ ഗുരുദേവനെ തെറ്റായ തരത്തിൽ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റുകൾക്ക് മറുപടിയായത് പി. പരമേശ്വരനാണെന്ന് ബിഎംഎസ് അഖിലഭാരതീയ അദ്ധ്യക്ഷൻ സജി നാരായണൻ.

പരമേശ്വർജിയുടെ ജന്മനക്ഷത്ര ദിനത്തോടനുബന്ധിച്ച് ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാറിൽ 'പി. പരമേശ്വർജിയുടെ വൈചാരിക പ്രവർത്തനം' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

1970കളിൽ ഇഎംഎസ് ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ ശ്രീനാരായണ ഗുരുവിനെ വികലമായ രീതിയിൽ ചിത്രീകരിച്ചിരുന്നു. ബൂർഷ്വാ സന്യാസി എന്ന തരത്തിൽ നാരായണഗുരുവിനെ അവതരിപ്പിച്ച് കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിലെ അദ്ദേഹത്തിൻ്റെ പങ്ക് ഇകഴ്ത്തിക്കാണിച്ച കമ്മ്യൂണിസ്റ്റുകൾക്ക് തടയിട്ടത് പരമേശ്വർജിയുടെ 'ശ്രീനാരായണ ഗുരു - നവോത്ഥാനത്തിൻ്റെ പ്രവാചകൻ' എന്ന ഗ്രന്ഥമാണ്. നാരായണ ഗുരുവിൻ്റെ ഹിന്ദുമത പരിഷ്കരണ പ്രക്രിയ ഭാവാത്മക രീതിയിൽ ആണെന്നും ഒന്നിനെയും ദുഷിക്കാതെ സമൂഹത്തെ ശരിയായ രീതിയിൽ വഴിനടത്തുന്ന ഒന്നായിരുന്നെന്നും പരമേശ്വർജി ബോധ്യപ്പെടുത്തി. നമ്മുടെ മതമേതെന്ന ചോദ്യത്തിന് ശങ്കരൻ്റെ മതം തന്നെ എന്ന നാരായണ ഗുരുവിൻ്റെ മറുപടി യഥാർത്ഥ ഭാരതീയ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതായി പരമേശ്വർജി സമൂഹത്തെ ബോധ്യപ്പെടുത്തി.

അരവിന്ദൻ്റെ ചിന്തകളെ സമൂഹത്തിൻ്റെ മുന്നിൽ പരിചയപ്പെടുത്തുന്ന 'ഭാവിയുടെ ദാർശനികൻ ശ്രീ അരവിന്ദൻ' എന്ന കൃതിയിൽ കൂടി വിശാലമായൊരു ഭാവി ദർശനമാണ് പരമേശ്വർജി സമൂഹത്തിൻ്റെ മുന്നിൽ വെച്ചത്. ഹിന്ദുരാഷ്ട്രത്തിൻ്റെ ഹൃദയസ്പന്ദനങ്ങൾ കേരള സമൂഹത്തിൻ്റെ ഹൃദയസ്പന്ദനമാക്കി മാറ്റുന്നതിന് പരമേശ്വർജി സ്വജീവിതം സമർപ്പിച്ചു.

ഡോ. എം മോഹൻദാസ് ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഭാരതീയവിചാരകേന്ദ്രം ജോയിൻ്റ് ഡയറക്ടർ ആർ. സഞ്ജയൻ, സുധീർബാബു, വി. മഹേഷ്, ഷാജി വരവൂർ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment